നാല് ഇസ്രയേലി വനിതകളെ മോചിപ്പിച്ച് ഹമാസ്

Photo Credit: X
ടെല്‍ അവീവ്: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഏഴാം ദിവസത്തിൽ വനിതകളായ നാല് ബന്ദികളെ മോചിപ്പിച്ച് ഹമാസ്. നഹാൽ ഓസിൽനിന്ന് 2023 ഒക്ടോബർ ഏഴിന് കടത്തിക്കൊണ്ടുപോയ ഇസ്രയേൽ സൈനികരായ കരീന അറീവ്, ഡാനിയെല്ല ഗിലോബ, നമ്മ ലെവി, ലിറി ആൽബാഗ് എന്നിവരെയാണ് വിട്ടയച്ചത്. ഇന്നലെ ഇവരുടെ പേരുകൾ ഹമാസ് പുറത്ത് വിട്ടിരുന്നു.
നഹാൽ ഓസിൽനിന്ന് ഏഴ് വനിതാ സൈനികരെയാണ് ഹമാസ് കടത്തിക്കൊണ്ട് പോയത്. ഹമാസിന്റെ പക്കലുണ്ടെന്ന് കരുതപ്പെടുന്ന അവസാന വനിതാ ബന്ദിയായ ആർബെൽ യെഹൂദ് ഇന്ന് മോചിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഹമാസ് പുറത്തുവിട്ട പട്ടികയിൽ അവരുടെ പേരുണ്ടായിരുന്നുല്ല. 477 ദിവസത്തിന് ശേഷമാണ് നാല് പേർ മോചിതരായത്.
സൈനികരെ സ്വീകരിക്കുന്ന കേന്ദ്രത്തിൽ മാൻപവർ ഡയറക്ടറേറ്റും മെഡിക്കൽ കോർപ്‌സും ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഐഡിഎഫ് അറിയിച്ചു. ഹമാസ് വിട്ടയച്ച നാല് പേരുടേയും ആരോഗ്യ നില വിലയിരുത്തി കുടുംബാംഗങ്ങൾക്കൊപ്പം പറഞ്ഞയക്കുമെന്നാണ് വിവരം. വെടിനിർത്തലിന്റെ ആദ്യദിനമായ ജനുവരി 19ന് ഹമാസ് മൂന്ന് ബന്ദികളെയും ഇസ്രയേൽ 90 തടവുകാരെയും വിട്ടയച്ചിരുന്നു.
0 comments