ബലൂചിസ്ഥാനിൽ വീണ്ടും വെടിവെപ്പ്; ഏഴ് മരണം

photo credit: X പ്രതീകാത്‌മകചിത്രം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശ്‌നബാധിത മേഖലയായ ബലൂചിസ്ഥാനിൽ വെടിവെപ്പ്. അജ്ഞാതരായ പത്തിലധികം തോക്കുധാരികൾ ബസിലെ ഏഴ് യാത്രക്കാരെ കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് പഞ്ചാബ് പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ബസ്. ദേശീയ പാതയിൽ വെച്ച് അക്രമികൾ ബസ് തടഞ്ഞു നിർത്തിയതായി പൊലീസ് പറഞ്ഞു. അക്രമികൾ ബസിൽ കയറി, യാത്രക്കാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചു, ഏഴ് പേരെ ബലമായി അടുത്തുള്ള ഒരു മലയിലേക്ക് കൊണ്ടുപോയി. താമസിയാതെ, വെടിയൊച്ചകൾ കേട്ടു.
“ബസിൽ യാത്ര ചെയ്തിരുന്ന ഏഴ് പേരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു, ലാഹോറിലേക്കുള്ള യാത്രയിലായിരുന്നു അവർ” ബർഖാൻ ഡെപ്യൂട്ടി കമ്മീഷണർ വഖാർ ഖുർഷിദ് ആലം പറഞ്ഞു.
മൃതദേഹങ്ങൾ അടുത്തുള്ള റാക്‌നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല, എന്നാൽ ബലൂച് വംശീയ തീവ്രവാദ ഗ്രൂപ്പുകൾ അയൽരാജ്യമായ പഞ്ചാബിൽ നിന്നുള്ള ആളുകളെ ആക്രമിക്കൽ പതിവാണ്.
0 comments