Deshabhimani
ad

അമേരിക്കന്‍ ആക്രമണങ്ങളെ അപലപിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കണം

hormuz
avatar
അനസ് യാസിന്‍

Published on Jun 22, 2025, 10:59 PM | 2 min read

മനാമ: ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി അപലിച്ചു.ആക്രമണങ്ങളില്‍ വലിയ ആശങ്ക രേഖപ്പെടുത്തിയ സൗദി വിദേശ മന്ത്രാലയം ഇറാന്റെ പരമാധികാരം ലംഘിക്കുന്നതിനെ ശക്തമായി അപലപിച്ചു. അമേരിക്കന്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇറാനിലെ സംഭവവികാസങ്ങള്‍ സൗദി അറേബ്യ വലിയ ആശങ്കയോടെയാണ് കാണുന്നത്. സംയമനം പാലിക്കാനും സംഘര്‍ഷം കുറക്കാനും എല്ലാ ശ്രമങ്ങളും നടത്തണം. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അഭ്യര്‍ഥിച്ചു.


ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചുള്ള യുദ്ധങ്ങളുടെ സംഘര്‍ഷങ്ങളുടെയും വിപത്തില്‍ നിന്ന് മേഖലയെയും ജനങ്ങളെയും ഒഴിവാക്കി സമഗ്ര പരിഹാരത്തിന് ശ്രമങ്ങള്‍ ശക്തമാക്കാന്‍ യുഎഇ ആഹ്വാനം ചെയ്തു.


അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഖത്തര്‍ വിദേശ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഖേലയിലെ നിലവിലുള്ള അപകടകരമായ സംഘര്‍ഷം പ്രാദേശികമായും അന്തര്‍ദേശീയ തലത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. വിവേകവും സംയമനവും പാലിക്കാനും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ആഹ്വാനം ചെയ്തു. എല്ലാ സൈനിക നടപടികളും നിര്‍ത്തിവെച്ച്, നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉടന്‍ തന്നെ സംഭാഷണങ്ങളിലേക്കും നയതന്ത്ര പാതകളിലേക്കും മടങ്ങേണ്ടത് അത്യാവശ്യമാണെന്നും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ചൂണ്ടിക്കാട്ടി.


അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചിരുന്ന ഒമാന്‍, യുഎസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സംഘര്‍ഷം ലഘൂകരിക്കണമെന്ന് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. നിയമവിരുദ്ധ ആക്രമണത്തെ അപലപിക്കുന്നതായി മന്ത്രാലയ വക്താവ് അറിയിച്ചു. അമേരിക്കന്‍ ആക്രമണം യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. ഇത് ബലപ്രയോഗം നിരോധിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണ്.


സാഹചര്യം ലഘൂകരിക്കുന്നതിനും യുഎസും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനും പ്രാദേശിക ശ്രമങ്ങള്‍ ഒരുമിച്ചു കൊണ്ടുവരണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. നയതന്ത്രപരവും സമാധാനപരവുമായ മാര്‍​ഗങ്ങളിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത് മേഖലയിലേക്ക് സമാധാനവും സുരക്ഷയും കൊണ്ടുവരുമെന്നും ജനങ്ങളെ യുദ്ധത്തിന്റെ ഭീകരതകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


അമേരിക്കന്‍ ആക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി മുന്നറിയിപ്പ് നല്‍കി. മേഖലയുടെ സുരക്ഷക്ക് ഭീഷണിയായ എല്ലാ കാര്യങ്ങളെയും ജിസിസി അപലപിക്കുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ എല്ലാ കക്ഷികളും സംയുക്ത ശ്രമങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home