ഇസ്രയേൽ കടന്നാക്രമണം ; സംയുക്ത പ്രതിരോധത്തിന് ഗള്‍ഫ് രാജ്യങ്ങള്‍

gulf cooperation council
avatar
അനസ് യാസിന്‍

Published on Sep 17, 2025, 03:56 AM | 1 min read


ദോഹ

ഇസ്രയേല്‍ ഖത്തറിന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ സംവിധാനം സജീവമാക്കും. തിങ്കളാഴ്ച ദോഹയില്‍ നടന്ന അറബ്-ഇസ്‌ലാമിക ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ സുപ്രധാന നീക്കം പ്രഖ്യാപിച്ചത്. അറബ് ലോകവും ഇസ്‌ലാമിക രാഷ്ട്രങ്ങളും ഖത്തറിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്‌. ഖത്തറിനു നേരെയുണ്ടായ ഇസ്രയേലിന്റെ ആക്രമണം, സംയുക്ത ഗള്‍ഫ് സുരക്ഷയ്ക്കും, മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ജിസിസി ചൂണ്ടിക്കാട്ടി.


ജിസിസിയുടെ സൈനിക വിഭാഗങ്ങള്‍ക്കിടയില്‍ ഗള്‍ഫ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള കൂടിയാലോചന ആരംഭിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു. ജിസിസിയുടെ യൂണിഫൈഡ് മിലിട്ടറി കമാന്‍ഡിന്റെ യോഗം ഉടന്‍ ദോഹയില്‍ ചേരും.


ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവയുടെ പ്രതിരോധപരമായ ആശങ്കകള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച സംയോജിത കൂട്ടായ സുരക്ഷാ ചട്ടക്കൂടാണ് ഇത്. 1981-ല്‍ ജിസിസി രൂപീകരിച്ചതോടെ സ്ഥാപിതമായതാണിത്. ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ അംഗരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. ഖത്തറിന്റെ പരമാധികാരത്തിന് നേരെയുണ്ടായ ആക്രമണത്തെ ഉച്ചകോടി ശക്തമായി അപലപിച്ചു.


ഏതെങ്കിലും അറബ്, മുസ്ലീം രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ഉച്ചകോടി പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുത്ത തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, ഇസ്രയേലിനെ സാമ്പത്തികമായി ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.ഉച്ചകോടിക്ക് പിന്നാലെ ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഖത്തറിലെത്തി. ദോഹയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുകാനുള്ള സംയുക്ത നയതന്ത്ര ശ്രമങ്ങള്‍ ചര്‍ച്ചാവിഷയമായി. ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അമേരിക്കയുടെ ശക്തമായ പിന്തുണ റൂബിയോ ഉറപ്പ് നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Home