ബംഗ്ലാദേശിൽ ഗ്രാമീൺ ബാങ്കിന് തീയിട്ടു

ധാക്ക : കിഴക്കൻ ബംഗ്ലാദേശിൽ ഗ്രാമീൺ ബാങ്കിന്റെ പ്രാദേശിക ശാഖയ്ക്ക് അജ്ഞാതർ തീയിട്ടു. ബുധനാഴ്ച പുലർച്ചെയാണ് മുഹമ്മദ് യൂനുസ് സ്ഥാപിച്ച ബാങ്കിന് തീയിട്ടത്. തലസ്ഥാനമായ ധാക്കയിലെ ഗ്രാമീൺ ബാങ്ക് ആസ്ഥാനത്തിന് പുറത്ത് ക്രൂഡ് ബോംബ് സ്ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ബ്രഹ്മൻബാരിയയിലെ ബിജോയ്‌നഗർ ഉപാസിലയിലെ ചന്തുരയിലുള്ള പ്രാദേശിക ശാഖയ്ക്ക് തീയിട്ടത്. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായതെന്നും ചിലർ പുറത്തു നിന്ന് പെട്രോൾ ഒഴിച്ച് കെട്ടിടത്തിന് തീയിടുകയായിരുന്നുവെന്നും ബ്രാഞ്ച് മാനേജർ കലിം ഉദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീ പടരുന്നതു കണ്ട ഗാർഡ് ഉടൻ തന്നെ മറ്റുള്ളവരെ വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളിലെ രേഖകളും ഫർണിച്ചറുകളും നശിച്ചതായി ഗ്രാമീൺ ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ പണം സൂക്ഷിച്ചിരുന്ന നിലവറയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. സംഭവത്തിനു പിന്നാലെ ധാക്കയിലുടനീളം സുരക്ഷ ശക്തമാക്കി.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസിൽ വിധി വരാനിരിക്കെ സമീപ ദിവസങ്ങളിൽ തുടർച്ചയായ ക്രൂഡ് ബോംബ് സ്‌ഫോടനങ്ങളും വാഹനങ്ങൾക്ക് തീയിടുന്നതും ധാക്കയിൽ പതിവായിരുന്നു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി-ബിഡി) ഹസീനയ്‌ക്കെതിരായ വിധി പ്രഖ്യാപിക്കുന്ന നവംബർ 13 ന് 'ധാക്ക ലോക്ക്ഡൗൺ' ആചരിക്കണമെന്ന് അവാമി ലീഗ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടു. ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ലോക്ക്ഡൗൺ നടപ്പാക്കാനുള്ള ഏതൊരു ശ്രമത്തെയും നിയമപരമായി നേരിടുമെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ധാക്കയിൽ ഗ്രാമീൺ ബാങ്കിന്റെ ഹെഡ് ഓഫീസിനും മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ സഹായിയുടെ ഉടമസ്ഥതയിലുള്ള ഒരു ബിസിനസ് ഔട്ട്‌ലെറ്റിനും പുറത്ത് നിരവധി ക്രൂഡ് ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായി. നിലവിൽ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന യൂനുസ് 1983ലാണ് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്.
രാജ്യത്തുടനീളം പട്രോളിംഗ് വർദ്ധിപ്പിക്കുകയും സ്റ്റാറ്റിക് ഡ്യൂട്ടി വികസിപ്പിക്കുകയും ചെയ്തുവെന്നും മെട്രോ റെയിൽ സ്റ്റേഷനുകൾ, റെയിൽവേ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും ഇൻസ്റ്റാളേഷനുകളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ (റിട്ട.) ജഹാംഗീർ ആലം ചൗധരി പറഞ്ഞു.









0 comments