കരയാക്രമണം രൂക്ഷമാക്കി , പതിനായിരങ്ങള്‍ എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്നു, അപലപിച്ച്‌ ലോകരാജ്യങ്ങള്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 65,000 കടന്നു

ആട്ടിപ്പായിക്കുന്നു ; ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ബോംബുവര്‍ഷം

Gaza Genocide
വെബ് ഡെസ്ക്

Published on Sep 18, 2025, 03:23 AM | 2 min read

ഗാസ സിറ്റി

അന്താരാഷ്‌ട്രതലത്തില്‍ ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്പിച്ച് ഗാസയെ ഛിന്നഭിന്നമാക്കി കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം. പൂര്‍ണതോതിലുള്ള കരയാക്രമണത്തിന് പിന്നാലെ ഗാസ സിറ്റിയില്‍ ബോംബ് വര്‍ഷം ശക്തമാക്കിയതോടെ പതിനായിരങ്ങള്‍ ജീവനുംകൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്നു. ബുധന്‍ പകല്‍ മാത്രം സ്ത്രീകളും കുട്ടികളും അടക്കം അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്


ബുധനാഴ്‌ച പുലർച്ചെ മുതൽ ഗാസമുനന്പിൽ രണ്ടുവര്‍ഷത്തിനിടെയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളാണ്‌ ഇസ്രയേൽ അഴ‍ിച്ചുവിടുന്നത്‌. ഏകദേശം 20,000 സൈനികരാണ്‌ കരയാക്രമണത്തിന് ഗാസയിലുള്ളത്‌. നാവിക ബോട്ടുകളും ടാങ്കറുകളും അടക്കം സർവ സന്നാഹങ്ങളുമായി ഇസ്രയേല്‍ സേന നഗരം വളഞ്ഞിരിക്കുകയാണ്.

ഗാസസിറ്റിയുടെ പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൈക്കുഞ്ഞും അമ്മയും ഉള്‍പ്പെടുന്നു. വെടിനിര്‍ത്തല്‍ വേളയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നും തകര്‍ന്നടിഞ്ഞ സ്വന്തം വീടുകളിലേക്ക് മടങ്ങിയവരെ ആട്ടിപ്പായിക്കാനാണ് ഇസ്രയേല്‍ കര, വ്യോമ ആക്രമണം നടത്തുന്നത്. രണ്ടുവര്‍ഷത്തോളമായി തുടരുന്ന ഇസ്രയേലിന്റെ കടന്നാക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 65,000 കടന്നു. ആയിരങ്ങള്‍ മണ്ണിനടിയിലാണ്.


​എതിർത്ത്‌ ലോകരാജ്യങ്ങൾ

ഇസ്രയേലിന്റെ കരയാക്രമണത്തെ വിമർശിച്ച്‌ നിരവധി ലോകരാജ്യങ്ങൾ രംഗത്ത്‌ എത്തി.

ഇയുവുമായുള്ള വ്യാപാര കരാറില്‍ ഇസ്രയേലിന് നല്‍കിയ ഇളവുകള്‍ റദ്ദാക്കണമെന്ന്‌ യൂറോപ്യൻ കമീഷന്‍ നിര്‍ദേശിച്ചു. ഇസ്രയേൽ ആക്രമണത്തെയും പലസ്തീൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെയും സ‍ൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രയേലിന്റെ ആക്രമണത്തെ ശക്തമായി എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.


ഗാസയ്ക്ക് 
മാർപാപ്പയുടെ 
ഐക്യദാർഢ്യം

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഇസ്രയേൽ ആക്രമണത്തെ ലിയോ മാർപാപ്പ അപലപിച്ചു. പലസ്തീൻകാർ വീണ്ടും സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഗാസ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. അവർ ഇപ്പോഴും ഭയത്തോടെ ജീവിക്കുകയാണ്‌. സ്വന്തം മണ്ണിൽനിന്ന് വീണ്ടും നിർബന്ധിതമായി കുടിയിറക്കപ്പെടുന്നു.


വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനും ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ബഹുമാനിക്കാനുമാനുള്ള അഭ്യർത്ഥന താൻ വീണ്ടും പുതുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഗാസ ഫുട്‌ബോൾ അക്കാദമിയിൽ പത്ത്‌ കുട്ടികൾ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസ യൂത്ത്‌ -ഫുട്‌ബോൾ അക്കാദമിയിലെ പത്ത്‌ കുട്ടികൾ കൊല്ലപ്പെട്ടു. ഫുട്‌ബോൾ പ്രതിഭകളാണ്‌ കൊല്ലപ്പെട്ടവരെന്ന്‌ അക്കാദമി ഡയറക്ടർ പറഞ്ഞു. ഗാസ സിറ്റിയുടെ വടക്കുഭാഗത്ത്‌ മറ്റൊരു ആക്രമണത്തിൽ 
ഫ-ുട്‌ബോൾ താരം മുഹമ്മദ് റമീസ് അൽ-സുൽത്താനും കുടുംബത്തിലെ 14 അംഗങ്ങളും കൊല്ലപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home