സമാധാന കരാറിന് ശേഷം കൊന്നൊടുക്കിയത് 241 പേരെ
ഒന്നിന് പകരം 15 മൃതദേഹങ്ങൾ; പലസ്തീൻ കർഷകർക്കെതിരെ ഇസ്രയേലി കുടിയേറ്റ ആക്രമണങ്ങളും

ഗാസസിറ്റി: പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രയേൽ നടത്തിയ അധിനിവേശ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 69169 പേർ. വെടിനിർത്തൽ കരാറിന് ശേഷം ഇസ്രയേൽ സേന വിട്ടുനൽകിയ മൃതദേഹങ്ങളും ചേർത്തപ്പോഴാണ് മരണ സംഖ്യ കുത്തനെ ഉയർന്നത്.
നവംബർ ഒമ്പതിന് ഗാസ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പുറത്തു വിട്ടതാണ് കണക്ക്. ഒരു ഇസ്രയേൽ ബന്ധിയുടെ മൃതദേഹത്തിന് പകരം 15 പലസ്തീൻകാർ എന്ന തോതിലാണ് ഇസ്രയേൽ സംയുക്ത സേന മൃതദേഹങ്ങൾ കൈമാറുന്നത് എന്നും അവർ വ്യക്തമാക്കി.
ഒക്ടോബർ 10 ലെ വെടിനിർത്തൽ ആരംഭിച്ചതിനുശേഷം തകർന്ന ഗാസ മുനമ്പിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള അന്വേഷണം എന്ന പേരിൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന പലസ്തീനികളും ഓരോ നാളും കണക്കിൽ ഉൾപ്പെടുന്നു.
"ഒരു ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രായേലിന് തിരികെ നൽകിയതിന് ഒരു ദിവസത്തിന് ശേഷം ശനിയാഴ്ച 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രായേൽ തിരികെ നൽകി. ഇങ്ങനെ 300 പേരുടെ അവശിഷ്ടങ്ങൾ ഇതുവരെ തിരികെ ലഭിച്ചു. ഇതിൽ 89 പേരെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ"- ഖാൻ യൂനിസിലെ നാസർ ആശുപത്രി ഫോറൻസിക് മെഡിസിൻ ഡയറക്ടർ അഹമ്മദ് ധൈർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, 10 മൃതദേഹങ്ങൾ ഗാസയിലെ ആശുപത്രികളിലേക്ക് കൊണ്ടുവന്നു. ഒമ്പത് മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു, ഒരാൾ പുതുതായി കൊല്ലപ്പെട്ടു. വെടിനിർത്തൽ ആരംഭിച്ചതിനുശേഷവും ഗാസയിൽ 241 പേർ കൊല്ലപ്പെട്ടു. നിരവധി പലസ്തീനികളെ കാണാതായതായി. കാണാതായവരുടെ കണക്കുകൾ ഇനിയും ലഭ്യമല്ല.
വെടിനിർത്തൽ കരാറിലെ പ്രാരംഭ നടപടി ക്രമങ്ങളുടെ കേന്ദ്ര ഭാഗമാണ് കൈമാറ്റങ്ങൾ. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് സൈനികർ ഇരച്ചു കയറിയതോടെയാണ് യുദ്ധം ആരംഭിച്ചത്.
അഴുകിയ മൃതശരീരങ്ങൾ
തിരിച്ചറിയാനാവാതെ ഉറ്റവർ
മൃതദേഹങ്ങൾ തിരിച്ചറിയുന്നത് പോലും വെല്ലുവിളിയാണ്. ഉറ്റവർ ജീവിച്ചിരിപ്പുണ്ടോ, ആരൊക്കെ അവശേഷിക്കുന്നു, എവിടെയാണ് പുലരുന്നത് എന്നൊന്നും നിശ്ചയമില്ല.
'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പൊരുത്തപ്പെടുത്തി അറിയാനുള്ള ഡിഎൻഎയോ അവരെ ബന്ധപ്പെടാനുള്ള വഴിയോ ഞങ്ങളുടെ പക്കലില്ല.' തിരിച്ചറിയാത്തവരെ കൂട്ടമായി അടക്കം ചെയ്യുക എന്നതാണ് അവസാന തീരുമാനം. പ്രതീക്ഷയുമായി ചില കുടുംബങ്ങൾ എത്തുന്നു എങ്കിലും അഴുകിയ മൃതദേഹ അവശിഷ്ടങ്ങളുടെ ബാഗുകൾ പരിശോധിച്ച് നിസ്സഹാരാവുകയാണ്- ഫോറൻസിക് മെഡിസിൻ ഡയറക്ടർ അഹമ്മദ് ധൈർ പറഞ്ഞു
കുടിയേറ്റം തുടരുന്നു,
ജനങ്ങൾ തമ്മിലുള്ള ആക്രമണങ്ങളും
വെസ്റ്റ് ബാങ്കിലെ ബീറ്റ പട്ടണത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ പത്രപ്രവർത്തകർ, ഡോക്ടർമാർ, അന്താരാഷ്ട്ര സമാധാന പ്രവർത്തകർ, കർഷകർ എന്നിവരുൾപ്പെടെ 11 പേർക്ക് പരിക്കേറ്റതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷത്തെ ഒലിവ് വിളവെടുപ്പിന് കർഷകർ എത്തിയപ്പോഴാണ് പുതിയ അവകാശ വാദവുമായി ഒരു കൂട്ടം എത്തി അവരെ തടഞ്ഞത്. ഇത് സംഘർഷം സൃഷ്ടിച്ചു. ഇതുവരെ സേനയടെ പേരിലായിരുന്നു കൃഷി നശിപ്പക്കൽ.
ഒക്ടോബറിൽ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെയും അവരുടെ സ്വത്തുക്കൾക്കെതിരെയും 260 ൽ അധികം ഇസ്രായേലി കുടിയേറ്റ ആക്രമണം ഉണ്ടായതായി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി ഓഫീസ് റിപ്പോർട്ട് ചെയ്തു.

ഒലിവ് പറിക്കുന്നതിനിടയിൽ ഡസൻ കണക്കിന് മുഖംമൂടി ധരിച്ച ഇസ്രായേലി കുടിയേറ്റക്കാർ വടികളുമായി ഇറങ്ങി ആളുകളെ പിന്തുടരുകയും കല്ലെറിയുകയും ചെയ്തതായി പ്രവർത്തകനായ ജോനാഥൻ പൊള്ളാക്ക് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. പൊള്ളാക്കിന് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. പരിക്കേറ്റവരിൽ റോയിട്ടേഴ്‌സ് ലേഖകനും ഉൾപ്പെടുന്നു.
കുടിയേറ്റക്കാർ നടത്തുന്ന ആക്രമണത്തിൽ അറസ്റ്റുകൾ അപൂർവമാണെന്നും പ്രോസിക്യൂഷനുകൾ അതിലും അപൂർവമാണെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടികാട്ടുന്നു. ഇസ്രായേലി പോലീസിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കുടിയേറ്റക്കാരുടെ അക്രമ കേസുകളിൽ 3.8 ശതമാനം മാത്രമേ കുറ്റം ചുമത്തിയിട്ടുള്ളൂ. മിക്ക കേസുകളും നടപടിയെടുക്കാതെ അവസാനിപ്പിക്കയാണ്.
ഒലിവ് എന്ന ആശ്രയം
ഒലിവ് കൃഷി ഏകദേശം 80,000 പലസ്തീൻ കുടുംബങ്ങൾക്ക് പ്രാഥമിക വരുമാന സ്രോതസ്സ് നൽകുന്നു. പലസ്തീന്റെ ദേശീയ ചിഹ്നമായും വർത്തിക്കുന്നു. "കാശിത്തുമ്പയും ഒലിവും നിലനിൽക്കുന്നിടത്തോളം കാലം ഞങ്ങൾ ഇവിടെ തുടരും." എന്നായിരുന്നു പലസ്തീൻ കവി മഹ്മൂദ് ദർവിഷിന്റെ പ്രഖ്യാപനം.

ഒലിവ് ഉത്പാദനം പലസ്തീൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 14% സംഭാവന ചെയ്യുന്നു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും കാർഷിക ഭൂമിയുടെ പകുതിയോളം ഒലിവ് കൃഷിക്കായി നീക്കിവച്ചിരിക്കുന്നു. സമീപകാല സംഭവങ്ങളിൽ ഇസ്രായേലി കുടിയേറ്റക്കാർ 13,000 ഒലിവ് മരങ്ങൾ നശിപ്പിക്കുകയും മേഖലയിലെ വിളവെടുപ്പ് തടയുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഏകദേശം 800,000 മരങ്ങൾ ഇസ്രയേൽ സേന നശിപ്പിച്ചു.
സംഘർഷ സ്ഥലങ്ങളിൽ ഒലിവ് മരങ്ങൾ നശിപ്പിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം വിലക്കിയിരുന്നു. ഒന്നിലധികം അന്താരാഷ്ട്ര നിയമ ചട്ടക്കൂടുകൾ ഇതിനായി നിലവിലുണ്ട്. "മൊറാർ vs. ഐഡിഎഫ് കമാൻഡർ" കേസിൽ ഇസ്രായേലിന്റെ സുപ്രീം കോടതി കൃഷി നശിപ്പിക്കുന്നതിലെ നിയമവിരുദ്ധത ചൂണ്ടികാട്ടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.









0 comments