ലോകമേ ലജ്ജിക്കൂ: ഗാസാ അധിനിവേശത്തിന്റെ രണ്ട് വർഷം


വിജേഷ് ചൂടൽ
Published on Oct 05, 2025, 10:28 AM | 3 min read
കൊടുംവഞ്ചനയുടെ ക്രൂരചരിത്രം
ഗാസയ്ക്കു നേരെയുള്ള ഇസ്രയേലി കടന്നാക്രമണത്തിന് രണ്ടുവർഷത്തിന്റെയല്ല, പതിറ്റാണ്ടുകളുടെ ദൈർഘ്യമുണ്ട്. 2023 ഒക്‌ടോബർ ഏഴിനു തുടക്കമിട്ട് രണ്ടാണ്ട് പൂർത്തിയാക്കുന്നത് കൊടുംക്രൂരതകളുടെ പരന്പരയിൽ ഒടുവിലത്തെ അധ്യായം മാത്രം. ഹമാസ് അധികാരത്തിലെത്തിയ 2007ൽ ഗാസക്കുമേൽ ഉപരോധം ഏർപ്പെടുത്തിയശേഷം അഞ്ചുവട്ടമെങ്കിലും സമാനമായ കടന്നാക്രമണം ഇസ്രയേൽ നടത്തി. വംശഹത്യയുടെ പല പതിപ്പുകളിലായി പലസ്‌തീൻ എന്ന സ്വപ്‌നരാഷ്‌ട്രത്തിനായി പിടഞ്ഞുവീണവരുടെ എണ്ണം ആയിരങ്ങളിലല്ല, ലക്ഷങ്ങളിൽ എണ്ണേണ്ടിവരും. അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും കാലാകാലങ്ങളിൽ ഇസ്രയേലിന് പണവും ആയുധവും ആൾബലവും നൽകി സഹായിച്ചു.
ബ്രിട്ടൻ വഴിയൊരുക്കിയ അധിനിവേശം:
നാസികളിൽനിന്ന് രക്ഷപ്പെട്ടെത്തിയ ജൂതരെ സ്‌നേഹത്തോടെ സ്വീകരിച്ച് അഭയം നൽകിയ മാനവികതയുടെ ചരിത്രമാണ് പലസ്തീൻ ജനതയ്‌ക്കുള്ളത്. സമാധാനമായി ജീവിച്ചിരുന്ന പലസ്‌തീൻ ജനതയ്ക്കുമേൽ ജൂതരെ അടിച്ചേൽപ്പിക്കുകയും ഇസ്രയേൽ എന്ന സയണിസ്റ്റ് രാഷ്‌ട്രരൂപീകരണത്തിന് വഴിയൊരുക്കുകയും ചെയ്‌തത് ബ്രിട്ടനാണ്. ഒന്നാം ലോകയുദ്ധകാലത്ത്, ബാൽഫോർ പ്രഖ്യാപനത്തിലൂടെയാണ് പലസ്തീനിൽ ‘ജൂത ജനതയ്ക്കായി ഒരു ദേശീയ ഭവനം’ സ്ഥാപിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചത്. 1917 ഒക്ടോബർ അവസാനം ബ്രിട്ടീഷ് സൈന്യം ഓട്ടോമൻ സാമ്രാജ്യത്തിൽനിന്ന് പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ അവിടേക്ക് വൻതോതിലുള്ള ജൂത കുടിയേറ്റം ആരംഭിച്ചു. 1918ൽ ആറ് ശതമാനമായിരുന്ന ജൂത ജനസംഖ്യ 1947 ആയേതോടെ 33 ശതമാനമായി വർധിച്ചു. ജൂതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതും അവർ ആധിപത്യത്തിന് ശ്രമിച്ചതും സംഘർഷങ്ങൾക്കു തുടക്കമിട്ടു. 1936 മുതൽ 1939 വരെ പലസ്തീൻ കലാപകലുഷമായി. ഇതേസമയം, പലസ്തീനിൽ ജൂതർക്ക് മാതൃരാജ്യത്തിനായി പ്രചാരണം തുടർന്ന സായുധ സയണിസ്റ്റ് സംഘങ്ങൾ പലസ്തീൻ ജനതയെ തുരത്തിയോടിക്കാൻ തുടങ്ങി.
യുഎൻ വിഭജന പദ്ധതി
പലസ്തീനിൽ അക്രമം വ്യാപകമായതോടെ 1947-ൽ വിഷയം ഐക്യരാഷ്ട്ര സംഘടനയുടെ പരിഗണനക്കെത്തി. പലസ്തീനിനെ അറബ്, ജൂത രാജ്യങ്ങളായി വിഭജിക്കണമെന്നു നിർദ്ദേശിക്കുന്ന യുഎൻ പ്രമേയം–181 അംഗീകരിച്ചു. 55 ശതമാനം ഭൂമി ജൂതന്മാർക്കും 45 ശതമാനം അറബികൾക്കും നൽകാനായിരുന്നു നിർദ്ദേശം. ജറുസലേമിനെ പ്രത്യേക അന്താരാഷ്ട്ര പ്രദേശമായും പ്രഖ്യാപിച്ചു. എന്നാൽ, ജൂതന്മാർ കൂടുതലുള്ള പടിഞ്ഞാറൻ ജറുസലേം ആദ്യമേ കൈപ്പിടിയിലൊതുക്കിയ ഇസ്രയേൽ 1967-ൽ ആറ് ദിവസത്തെ യുദ്ധത്തിലൂടെ വെസ്റ്റ്ബാങ്കിനൊപ്പം കിഴക്കൻ ജറുസലേമും പിടിച്ചെടുത്തു.
കൂട്ടപ്പലായനത്തിന്റെ നഖ്ബ
1948 മെയ് 14-ന്, ബ്രിട്ടന്റെ അധികാരം അവസാനിച്ചയുടൻ പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണയുമായി സയണിസ്റ്റ് സൈന്യം രംഗത്തിറങ്ങിയതോടെ ആദ്യ അറബ്-–ഇസ്രായേൽ യുദ്ധത്തിന് തുടക്കമായി. ഇസ്രയേലി രാഷ്‌ട്രസ്ഥാപനത്തിന് വഴിയൊരുക്കുന്നതിനായി ഏഴര ലക്ഷത്തോളം പലസ്തീൻകാരെയാണ് സയണിസ്റ്റ് സേന പുറത്താക്കിയത്. പലസ്തീന്റെ 78 ശതമാനം ഭൂപ്രദേശവും പിടിച്ചെടുത്തു. ഇതേതുടർന്നുള്ള കൂട്ടപ്പലായന ദുരന്തത്തെ ചരിത്രം ‘നഖ്ബ’ എന്നു രേഖപ്പെടുത്തി. 1949 ജനുവരിയിൽ ഇസ്രയേലും ഈജിപ്തും, ലെബനനും, ജോർദാനും, സിറിയയും യുദ്ധവിരാമ കരാർ രൂപപ്പെടുന്നതുവരെ സംഘർഷം തുടർന്നു. 1947നും 1949നും ഇടയിൽ സയണിസ്റ്റ് സേന 530 പലസ്തീൻ ഗ്രാമങ്ങളാണ് തീവച്ചുനശിപ്പിച്ചത്. ഡസൻ കണക്കിന് കൂട്ടക്കൊലകളിൽ 15,000 പലസ്തീൻകാരുടെ ജീവനെടുത്തു. 1967-ലെ ആക്രമണത്തിൽ മൂന്നുലക്ഷം പലസ്തീൻകാർകൂടി നാടുകടത്തപ്പെട്ടു.
ഓസ്‌ലോ ഉടമ്പടി
അഞ്ചു വർഷത്തിനുള്ളിൽ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 1993-ൽ പലസ്തീൻ നേതാവ് യാസർ അറഫാത്തും ഇസ്രയേൽ പ്രധാനമന്ത്രി യിസാക് റാബിനും ഓസ്‌ലോ ഉടമ്പടിയിൽ ഒപ്പുവച്ചു. 1995-ൽ കരാർപ്രകാരം അധിനിവേശ വെസ്റ്റ്ബാങ്കിനെ മൂന്നു ഭാഗങ്ങളായി വിഭജിച്ചു. എന്നാൽ, പലസ്തീൻ അതോറിറ്റിക്ക് 18 ശതമാനം പ്രദേശത്തുമാത്രമാണ് ഭരണസ്വാതന്ത്ര്യം ലഭിച്ചത്. പലസ്തീൻ ഭൂമിയിലെ ഇസ്രായേലി കുടിയേറ്റവും അതിക്രമങ്ങളും ഓസ്‌ലോ ഉടമ്പടിയെ അപ്രസക്തമാക്കി. ഇതിനുശേഷം സമാധാന കരാറുകളൊന്നും ഉണ്ടായിട്ടില്ല. വെസ്റ്റ്ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും കുടിയേറ്റ ജനസംഖ്യ 1993-ൽ ഏകദേശം രണ്ടര ലക്ഷമായിരുന്നത് ഇപ്പോൾ ഏഴുലക്ഷമായി വളർന്നു.
ഗാസ അധിനിവേശം
പലസ്തീൻ രാഷ്‌ട്രത്തിന്റെ ഭാഗമായി കാണുന്ന പ്രദേശങ്ങളായ വെസ്റ്റ്ബാങ്കിനും കിഴക്കൻ ജറുസലേമിനുമൊപ്പം ഗാസയിലും ഇസ്രയേൽ അധിനിവേശം വ്യാപിപ്പിച്ചു. 2006ലെ പലസ്‌തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസ് 2007ൽ ഗാസയുടെ ഭരണം ഏറ്റെടുത്തതോടെ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം ഇന്നും തുടരുകയാണ്. ഇസ്രയേലിന്റെ നിരന്തര പ്രകോപനങ്ങളെ തുടർന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് നിലവിലെ വംശഹത്യക്ക് തുടക്കമിട്ടത്. 2023 ഒക്ടോബർ 9-ന് ഗാസാമുനമ്പിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി, വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിതരണം നിർത്തിവച്ചു. കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരവും അവശ്യമരുന്നുകളും പോലും വിലക്കിയിരിക്കുകയാണ്. രണ്ടുവർഷമായി നിരന്തരമായി തുടരുന്ന ആക്രമണത്തിൽ ഗാസ തച്ചുതകർക്കപ്പെട്ടൊരു ദുരന്തഭൂമിയായി.









0 comments