നരകയാതനയുടെ 470 ദിവസം

ഖാൻ യൂനിസിൽ വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനരികെ വിലപിക്കുന്ന കുട്ടി
ഗാസ സിറ്റി:
ഗാസയിൽ ഇസ്രയേലിന്റെ പ്രതികാരദാഹം നടമാടിയ 15 മാസങ്ങൾ സാക്ഷ്യംവഹിച്ചത് സമാനതകളില്ലാത്ത ക്രൂരതകൾക്ക്. ഗാസയിൽ കൊല്ലപ്പെട്ട 46,899 പേരിൽ 18,000 പേർ കുട്ടികൾ. കടന്നാക്രമണത്തിൽ ശരാശരി ഒരുദിവസം 35 കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുണിസെഫിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഗാസയിലെ ഇരുപതുപേരിൽ ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു (110,725 പേർ). ആക്രമണത്തിൽ തകർന്ന, ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത ആശുപത്രികളിൽ ദിവസവും പത്തോളം പരിക്കേറ്റ കുട്ടികളുടെ കാല് മുറിച്ചുമാറ്റേണ്ടിവരുന്നതായി യുഎൻ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
മിസൈലാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളുടെ എണ്ണം കണക്കാക്കാനായിട്ടില്ല. 85,000 ടൺ സ്ഫോടകവസ്തുക്കളാണ് ഇക്കാലയളവിൽ മുനമ്പിൽ പതിച്ചത്.
15 മാസം കൊണ്ട് ഇസ്രയേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടം നീക്കാൻവേണ്ടിമാത്രം ഒരു ദശാബ്ദം വേണ്ടിവരുമെന്നാണ് യുഎൻ കണക്കുകൂട്ടുന്നത്. ഗാസയിലെ 60 ശതമാനം കെട്ടിടങ്ങളും തകർന്നു. 90 ശതമാനം വീടുകളും 80 ശതമാനം വ്യാപാരസ്ഥാപനങ്ങളും 88 ശതമാനം സ്കൂളുകളും 50 ശതമാനം ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു.
പകുതിയിലധികം റോഡുകളും കൃഷിയിടങ്ങളും നശിച്ചു.
അഭയാർഥികളുടെ പുനരധിവാസവും ഗാസയുടെ പുനർനിർമ്മാണവും ഇരുപത്തൊന്നാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്നു. 15 മാസത്തിനിടെ ഇസ്രയേൽ കടന്നാക്രമണത്തിന് 68 ബില്യന്‍ ഡോളര്‍ (ഏകദേശം 5,80,000 ലക്ഷം കോടി രൂപ) ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ട്. യുദ്ധച്ചെലവിന്റെ പരിണിതഫലങ്ങൾ ഇസ്രയേൽ സമ്പദ്‌വ്യവസ്ഥയിൽ സമീപഭാവിയിൽ വിള്ളൽവീഴ്‌ത്തുമെന്ന് കരുതപ്പെടുന്നു.
സുരക്ഷിത
പാതവേണം: യുഎൻ
ഞായറാഴ്‌ച വെടിനിര്‍ത്തല്‍കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് സുരക്ഷിതപാതയൊരുക്കണമെന്ന് യുഎൻ ഏജൻസി.
ഗാസയിലെത്തിക്കുന്നതിനായി അമ്പതിനായിരം ടൺ ഭക്ഷ്യവസ്തുക്കൾ തയാറാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പ്രതിനിധി അറിയിച്ചു. ദിവസവും 600 ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിടാനാണ് തീരുമാനം.








0 comments