കുട്ടികളടക്കം 299 പേരെ ലൈംഗികമായി ഉപദ്രവിച്ചു; ഫ്രാൻസിൽ ഡോക്ടറുടെ വിചാരണ ആരംഭിച്ചു

പാരിസ് : 299 പേരെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടറുടെ വിചാരണ ഫ്രാൻസിൽ ആരംഭിച്ചു. വടക്കൻ ഫ്രാൻസിലാണ് മുൻ സർജൻ കുട്ടികളടക്കം 299 പേരെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്. ഫ്രാൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലപീഡനക്കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പ്രതിക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
25 വർഷത്തിനിടെയാണ് 74കാരനായ ജോയൽ ലെ സ്‌കൗർനെക് എന്ന സർജൻ 299 പേരെ ലൈംഗികമായി പീഡിപ്പിച്ചത്. 1989 മുതൽ 2014 വരെയുള്ള കാലയളവിലായിരുന്നു ഇത്. ഇയാളുടെ രോഗികളെയാണ് പീഡനത്തിനിരയാക്കിയത്. ഭൂരിഭാഗവും കുട്ടികളായിരുന്നു. ബ്രിട്ടനിയിലെ വാൻസിലുള്ള കോടതിയിലാണ് വിചാരണ ആരംഭിച്ചത്. 2017ലാണ് സ്കൗർനെക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2017ൽ അയൽപക്കത്തുള്ള ആറു വയസുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതോടെയാണ് സ്‌കൗർനെക് പിടിയിലാകുന്നത്. തുടർന്ന് ഇയാൾക്കെതിരെ പലരും പരാതിയുമായി വരികയായിരുന്നു. തനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും പ്രതി നിഷേധിച്ചിട്ടില്ല. തനിക്കൊന്നും ഓർമയില്ലെന്നാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്. ഉപദ്രവിക്കപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലായിരുന്നതിനാൽ അവർക്കും കൃത്യമായി മൊഴി നൽകാൻ സാധിച്ചിരുന്നില്ല.
പരാതിയെത്തുടർന്ന് സ്കൗർനെക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം ഫോട്ടോകൾ, പീഡോഫീലിയ, മൃഗങ്ങൾക്കെതിരായ ലൈംഗികാതിക്രമം എന്നിവയുള്ള 650 വീഡിയോ ഫയലുകൾ, സ്വയം പീഡോഫീലിക് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക്കുകൾ എന്നിവ കണ്ടെത്തിയിരുന്നു.
2005ൽ ലൈംഗിക ഉപദ്രവത്തിനായുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്തെന്നു കാട്ടി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തൊട്ടടുത്ത വർഷം തന്നെ സ്വകാര്യ ക്ലിനിക്കിൽ പ്രതി ജോലിക്കായി പ്രവേശിച്ചിരുന്നു. സ്കൗർനെക്കിന് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വിചാരണ നടക്കുന്ന കോടതിക്ക് പുറത്ത് മനുഷ്യാവകാശ പ്രവർത്തകരുടെ പ്രക്ഷോഭം നടക്കുന്നുണ്ട്.









0 comments