പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്

പാരിസ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. പലസ്‌തീൻ– ഇസ്രയേൽ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്‌ട്ര പരിഹാരം വേണമെന്ന അജൻഡയിൽ ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യുഎൻ പൊതുസഭയ്‌ക്ക് മുന്നോടിയായാണ് ഫ്രാൻസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുന്നതായി ഞായറാഴ്‌ച പ്രസ്‌താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസും പിന്തുണയുമായി രംഗത്ത് എത്തിയത്. ബ്രിട്ടൻ, പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിച്ചതിനുപിന്നാലെ ലണ്ടനിലെ എംബസിക്ക് പുറത്ത് പലസ്തീൻ പതാക ഉയർത്തി.
ഇസ്രയേലിന്റെ കടന്നാക്രമണങ്ങൾ അന്താരാഷ്‌ട്ര സമാധാനത്തിന് ഭീഷണിയായതായി സൗദി അറേബ്യ യുഎൻ പൊതുസഭയിൽ പറഞ്ഞു. ഹമാസ് ആയുധങ്ങൾ പലസ്‌തീൻ അതോറിറ്റിക്ക് കൈമാറണമെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. യുഎൻ പൊതുസമ്മേളനത്തിൽ നേരിട്ട് എത്താൻ യുഎസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഓൺലൈനായാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തത്. യുഎസും ഇസ്രയേലും പൊതുസഭയിൽനിന്ന് വിട്ടുനിന്നു. വിഷയത്തിൽ നിലപാട് സ്വീകരിക്കാത്ത ഇറ്റലിയിൽ പലസ്‌തീന് പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി.









0 comments