മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം

ranil wickramasinghe
വെബ് ഡെസ്ക്

Published on Aug 26, 2025, 05:06 PM | 1 min read

കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിം​ഗെയ്ക്ക് ജാമ്യം. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സർക്കാർ പണം ദുരുപയോ​ഗം ചെയ്തെന്ന കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തിരുന്നു. ശേഷം പൊലീസ് കസ്റ്റഡിയിലായിരുന്നു.


കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് നിലുപുലി ലങ്കാപുരയുടെ അധ്യക്ഷതയിൽ സൂം വഴിയാണ് കേസിൽ വാദം കേട്ടത്. കോടതി പരിസരത്തിന് പുറത്ത് കനത്ത സുരക്ഷയും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. കൊളംബോ നാഷണൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നാണ് വിക്രമസിംഗെ നടപടിക്രമങ്ങളിൽ പങ്കെടുത്തത്.


2023ലെ ലണ്ടൻ സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ആ​ഗസ്ത് 22ന് വിക്രമസിംഗെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിൽ (എഫ്‌സിഐഡി) മൊഴി നൽകാൻ വിക്രമസിംഗെ എത്തിയിരുന്നു. രാജ്യത്തിന്റെ പൊതുവിഭവങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന കുറ്റമാണ് വിക്രമസിം​ഗെയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.


2023 സെപ്തംബറിൽ പ്രസിഡന്റായിരിക്കെ ഹവാനയിൽ G77 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ റനിൽ വിക്രമസിംഗെ ലണ്ടനിൽ തങ്ങിയിരുന്നു. ആ സമയത്ത് അദ്ദേഹവും ഭാര്യ മൈത്രിയും വോൾവർഹാംപ്ടൺ സർവകലാശാലയിലെ ഒരു ചടങ്ങിൽ പങ്കെടുത്തു. ഭാര്യ യാത്രയുടെ ചെലവുകൾ സ്വയം വഹിച്ചെന്നും സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചിട്ടില്ലെന്നും വിക്രമസിംഗെ വാദിച്ചിരുന്നു.


എന്നാൽ വിക്രമസിംഗെ സ്വകാര്യ യാത്രയ്ക്കായി സർക്കാർ പണം ഉപയോഗിച്ചതായും സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പൊതു പണം നൽകിയതായുമാണ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പറയുന്നത്. ഈ കേസിൽ മൊഴി നൽകാനെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി. 2022 ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന ഗോതബായ രജപക്‌സെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ രാജ്യംവിടുകയും രാജിവയ്‌ക്കുകയും ചെയ്‌തതോടെ നടന്ന തെരഞ്ഞെടുപ്പിലാണ് വിക്രമസിം​ഗെ പ്രസിഡന്റായത്.




deshabhimani section

Related News

View More
0 comments
Sort by

Home