സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തു: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ

കൊളംബോ: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിന് ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. 2023ലെ ലണ്ടൻ സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് വിക്രമസിംഗെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിൽ (എഫ്‌സിഐഡി) മൊഴി നൽകാൻ വിക്രമസിംഗെ എത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പൊതുവിഭവങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന കുറ്റമാണ് വിക്രമസിംഗെയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2023 സെപ്തംബറിൽ പ്രസിഡന്റായിരിക്കെ ഹവാനയിൽ G77 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ റനിൽ വിക്രമസിംഗെ ലണ്ടനിൽ തങ്ങിയിരുന്നു. ആ സമയത്ത് അദ്ദേഹവും ഭാര്യ മൈത്രിയും വോൾവർഹാംപ്ടൺ സർവകലാശാലയിലെ ഒരു ചടങ്ങിൽ പങ്കെടുത്തു.
ഭാര്യ യാത്രയുടെ ചെലവുകൾ സ്വയം വഹിച്ചെന്നും സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചിട്ടില്ലെന്നും വിക്രമസിംഗെ വാദിച്ചിരുന്നു. എന്നാൽ വിക്രമസിംഗെ സ്വകാര്യ യാത്രയ്ക്കായി സർക്കാർ പണം ഉപയോഗിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംസ്ഥാനം പണം നൽകിയതായുമാണ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പറയുന്നത്. ഈ കേസിൽ മൊഴി നൽകാനെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2022 ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന ഗോതബായ രജപക്‌സെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിടുകയും രാജിവയ്‌ക്കുകയും ചെയ്‌തതോടെ നടന്ന തെരഞ്ഞെടുപ്പിലാണ് വിക്രമസിംഗെ പ്രസിഡന്റായത്.









0 comments