അമേരിക്കയിൽനിന്ന് ആദ്യ പോപ്പ്

പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് സ്ഥാനവസ്ത്രങ്ങളണിഞ്ഞ് സെന്റ്പീറ്റേഴ്സ് ബർഗ് ബസലിക്കയിലെ ബാൽക്കണിയിൽ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു
വത്തിക്കാൻ
ചരിത്രംകുറിച്ചാണ് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്ന് ഇത്തവണയും വെളുത്ത പുക ഉയർന്നത്. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് അമേരിക്കക്കാരനായ ആദ്യ പോപ്പായി. വിടപറഞ്ഞ ഫ്രാൻസിസ് മാർപാപ്പ തെക്കേ അമേരിക്കയിൽനിന്ന് പോപ്പായ ആദ്യത്തെയാളായിരുന്നു.
ലോകത്തിലെ വൻ രാഷ്ട്രീയ അധികാരശക്തിയായ അമേരിക്കയിൽനിന്ന് പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാടാണ് തിരുത്തപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമികളുടെ സാധ്യതാ പട്ടികയിൽ കർദിനാൾ പ്രെവോസ്തിന്റെ പേര് ഉയർന്നുകേട്ടിരുന്നില്ല. ഫ്രാൻസിസ് മാർപാപ്പയുമായി എറ്റവും അടുപ്പമുള്ള കര്‍ദ്ദിനാളായിരുന്നു അദ്ദേഹം.
തനിക്കുശേഷം സഭയെ നയിക്കാന്‍ പ്രാപ്തനായ വ്യക്തിയായി ഫ്രാൻസിസ് മാർപാപ്പ പ്രെവോസ്തിനെ കണ്ടിരുന്നതായി വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പെറുവാണ് റോബർട്ട് പ്രിവോസ്റ്റിന്റെ പ്രവർത്തനകേന്ദ്രം. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായിരുന്നു. 2015 മുതൽ പെറു പൗരനാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയോടുള്ള ആഭിമുഖ്യത്തിൽ "ഏഷ്യൻ ഫ്രാൻസിസ്' എന്ന് വിശേഷിക്കപ്പെട്ട ഫിലിപ്പീൻസിലെ മനില ആർച്ച് ബിഷപ്പ് കർദിനാൾ ലൂയി ആന്റോണിയോ ഗോക്കിം ടാഗ്ലേയുടെ പേരും സജീവമായുണ്ടായിരുന്നു.
ഫ്രാൻസിലെ മാഴ്‍സെ അതിരൂപതയുടെ ആർച്ച് ബിഷപ് കർദിനാൾ ഷോൺ മാർക്ക് ആവിലീൻ, ബാർസിലോന ആർച്ച്ബിഷപ്പ് കർദിനാൾ യുവാൻ യോസെ ഒമെല്ല, ന്യൂആർക് കർദിനാൾ ജോസഫ് ടോബിൻ, ഹംഗറിയിൽനിന്നുള്ള കർദിനാൾ പീറ്റർ ഏർഡോ, ഇറ്റലിക്കാരനായ കർദിനാൾ പീയത്രോ പരോളിൻ, ആഫ്രിക്കയിൽനിന്നുള്ള കർദിനാൾ പീറ്റർ കൊട്‍വോ ടർക്‍സൻ, മാൾട്ടക്കാരനായ കർദിനാൾ മാരിയോ ഗ്രെക്, ഇറ്റലിക്കാരനായ കർദിനാൾ മറ്റിയോ മരിയോ സുപ്പി, കൊളംബോ ആർച്ച് ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത് തുടങ്ങിയവരുടെ പേരുകളും ഉയർന്നുകേട്ടിരുന്നു. കോൺക്ലേവിന് മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നിരുന്നു.









0 comments