യുഎസിൽ മുട്ടക്ഷാമം; സഹായം ആവശ്യപ്പെട്ട് ട്രംപ്, നിരസിച്ച് ഫിൻലൻഡ്: സോഷ്യൽമീഡിയയിൽ പരിഹാസം

വാഷിങ്ടൺ : യുഎസിൽ കോഴിമുട്ടക്ഷാമം രൂക്ഷമായതോടെ ഇറക്കുമതിക്കായി മറ്റുരാജ്യങ്ങളുടെ സഹായം തേടി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുട്ട ക്ഷാമം രൂക്ഷമായതും വില ഉയർന്നതും പ്രതിസന്ധിയായതോടെയാണ് ഇറക്കുമതിക്കായി അമേരിക്ക ഫിൻലൻഡ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളെ സമീപിച്ചത്. എന്നാൽ അമേരിക്കയുടെ ആവശ്യം നിരസിച്ചിരിക്കുകയാണ് ഫിൻലൻഡ്. യുഎസിലേക്ക് കയറ്റുമതി നടത്താനുള്ള അനുമതിയില്ലെന്നും ഇത് പുതിയതായി ആരംഭിക്കുന്ന എന്നത് ഭാരിച്ച പണിയാണെന്നും ഫിൻലൻഡ് പൗൾട്രി അസോസിയേഷൻ ഡയറക്ടർ പറഞ്ഞു. തങ്ങൾ കയറ്റുമതി ആരംഭിക്കുന്നതുകൊണ്ട് യുഎസിലെ അവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സംസാരങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ കയറ്റുമതി ചെയ്യുന്നില്ലെന്നുമാണ് ഫിൻലൻഡ് അറിയിച്ചത്.
പക്ഷിപ്പനി വ്യാപകമായതോടെയാണ് അമേരിക്കയിൽ കോഴിമുട്ടയ്ക്ക് ക്ഷാമമുണ്ടായത്. മുട്ടയ്ക്ക് 8ഡോളർ വരെ വില ഉയർന്നിരുന്നു.
ട്രംപിന്റെ ഏകാധിപത്യ നയങ്ങളെ തുടർന്നാണ് ഇത്തരമൊരവസ്ഥ ഉണ്ടായതെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. എല്ലാവരെയും അപമാനിക്കുന്നു, താരിഫുകൾ കൂട്ടുന്നു, പിടിച്ചടക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, ശേഷം ആഭ്യന്തര കാര്യങ്ങൾക്കായി സഹായം ആവശ്യപ്പെടുന്നു എന്നാണ് നെറ്റിസൺസ് ട്രംപിനെപ്പറ്റി കുറിച്ചത്. ട്രംപിന്റെ ഡിപ്ലോമസി എല്ലായിടത്തും വിലപ്പോവില്ലെന്നും ഒരു വശത്ത് താരിഫ് ഉയർത്തിയിട്ട് മറുവശത്ത് സഹായം ചോദിച്ചാൽ ലഭിക്കില്ലെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വരുന്നുണ്ട്.









0 comments