ഞെട്ടിച്ച് മുട്ട വിപണി, രാജ്യം മുഴുവൻ അസാധാരണ വില വർധന

നാമക്കൽ: രാജ്യത്ത് മുട്ടവില കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. കേരളത്തിലേക്കുള്ള മുട്ടവരവിന്റെ പ്രധാന താവളമായ നാമക്കലിലും വില എന്നത്തേക്കാൾ ഉയർന്നു നിൽക്കുന്നു.
മുട്ടവില രേഖപ്പെടുത്തുന്ന സ്വതന്ത്ര ഏജൻസിയായ നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ കണക്കിൽ രാജ്യത്താകെ വില ഉയർന്ന് നിൽക്കുന്നതായി കാണിക്കുന്നു. റാഞ്ചിയും വരാണസിയിലുമാണ് ഏറ്റവും ഉയർന്ന വില.
കേരളത്തിൽ ചില്ലറ വില ഈ മാസം ആദ്യം തന്നെ ആറ് രൂപ അമ്പത് പൈസ മറികടന്നു. ദിവസങ്ങളായി വർധന രേഖപ്പെടുത്തുന്നു. പ്രധാന മുട്ടയുത്പാദന താവളമായ നാമക്കലിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വില 5.72 രൂപയിൽ എത്തി. ഈ മാസത്തെ ശരാശരി വിലയാണിത്.
നവംബർ ഒന്നിന് എഗ് കോഡിനേഷൻ കമ്മിറ്റി രേഖപ്പെടുത്തിയ ശരാശരി വില 5.40 രൂപയാണ്. നവംബർ 21 ആയപ്പോൾ ഇത് 6.10 ൽ എത്തി. ചില്ലറ വില്പനയിൽ ഒരു മുട്ടയ്ക്ക് ഏഴ് രൂപയ്ക്ക് മുകളിൽ വരുന്ന പ്രവണതയാണ്.
മൈസൂരുവിൽ മാസം ആദ്യം 5.95 രേഖപ്പെടുത്തിയ വില ഇപ്പോൾ 6.30 എത്തി നിൽക്കുന്നു. ഉത്പാദന കേന്ദ്രങ്ങളിൽ എല്ലാം ഓരോദിവസവും വില കൂടുകയായിരുന്നു.
ഓരോ കേന്ദ്രത്തിലെയും നവംബറിലെ വിലയും ശരാശരിയും
വാരാണസിയിൽ മൊത്ത വില 7.13 രൂപയാണ്. റാഞ്ചിയിൽ ഇത് 7.14 എന്ന നിരക്കിലുമാണ്.
ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. എന്നാൽ ഈ പ്രവണത രാജ്യം മുഴുവൻ പ്രതിഫലിക്കുന്നതായി കാണുന്നു.
ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ നാമക്കലിൽനിന്ന് കൂടുതൽ മുട്ടവാങ്ങാൻ തുടങ്ങിയതും ഇവിടെ വർധന രേഖപ്പെടുത്താൻ കാരണമായി പറയുന്നു.
ശബരിമലസീസൺ തുടങ്ങുമ്പോൾ സാധാരണ കോഴിയിറച്ചിക്കും മുട്ടയ്ക്കും വില കുറയുകയാണ് പതിവ്. ഡിസംബർ ആവുന്നതോടെ കേക്ക് നിർമാണം സജീവമാകും. ഇതോടെ ഡാമാന്റ് വർധിക്കുന്നതാണ് പതിവ്.
ഈ വർഷം ഓരോ മാസത്തെയും ശരാശരി വില
മറ്റ് മുട്ടയുത്പാദക താവളങ്ങളെ ആശ്രയിക്കുക എളുപ്പമല്ല. മാത്രമല്ല അവിടെയെല്ലാം വില കൂടിയിരിക്കയും ചെയ്യുന്നു. 2021 മുതൽ കോഴിത്തീറ്റയുടെ ഒരു പ്രധാന ഘടകമായ ചോളം വില വർധിച്ചു കൊണ്ടിരിക്കയാണ്. കിലോയ്ക്ക് 14 രൂപയിൽ നിന്ന് 28 രൂപയായി. എത്തനോൾ പ്ലാന്റുകളിൽ നിന്നുള്ള ചോളത്തിന്റെ ആവശ്യം കുതിച്ചുയർന്നതാണ് ഇതിന് പശ്ചാത്തലമായത്.
ഒമാൻ, മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഖത്തർ എന്നിവയാണ് ഇന്ത്യൻ മുട്ടകളുടെ മികച്ച അഞ്ച് വിപണികൾ. കയറ്റുമതി ഡിമാന്റും ഉയർന്ന് നിൽക്കയാണ്. ബംഗ്ലാദേശ് വിപണിയിൽ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്.
കോഴി കർഷകരുടെ സംഘടനയാണ് നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റി (NECC), 1982-ൽ സ്ഥാപിതമായി. കോഴി വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും മുട്ടകൾക്ക് ന്യായമായ വില നൽകുന്നതിനുമായി പ്രവർത്തിക്കുന്നു.
സൗത്ത് ഇന്ത്യൻ പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ ജീവനുള്ള ബ്രോയിലർ കോഴിയുടെ വില കിലോയ്ക്ക് 104 രൂപയായും ലെയേഴ്സ് കോഴിയുടെ വില കിലോയ്ക്ക് 106 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.








0 comments