‘വിപ്ലവ കൂടിക്കാഴ്‌ച’; ഫിദലും ഫ്രാൻസിസും കണ്ടുമുട്ടിയപ്പോൾ

PHOTO: X/@MidwesternMarx
മാർപാപ്പയായി ചുമതലയേറ്റതിന് ശേഷമുള്ള പോപ്പ് ഫ്രാൻസിസിന്റെ പ്രധാന സന്ദർശനങ്ങളിലൊന്നായിരുന്നു ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്‌ച. 2013ൽ മാർപാപ്പയായി ചുമതലയേറ്റ പോപ് ഫ്രാൻസിസ് 2015ലാണ് ഫിദലിനെ സന്ദർശിച്ചത്.
വിപ്ലവത്തിന് ശേഷം ക്യൂബയിലെത്തുന്ന മൂന്നാമത്തെ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. ജോൺ പോൾ രണ്ടാമനാണ് വിപ്ലവത്തിന് ശേഷം രാജ്യത്തെത്തിയ ആദ്യ പോപ്പ്. പിന്നീട് 2012ൽ ബെനഡിക് 16–ാമനും ക്യൂബ സന്ദർശിച്ചിരുന്നു. അമേരിക്കൻ സന്ദർശനം കഴിഞ്ഞായിരുന്നു പോപ് 2015ൽ ക്യൂബയിലെത്തിയതും ഫിദലിനെ കണ്ടതും.
അര മണിക്കൂർ നീളുന്നതായിരുന്നു ഫിദൽ–ഫ്രാൻസിസ് കൂടിക്കാഴ്‌ച. ഫിദലിന്റെ ഹവാനയിലെ വീട്ടിലെത്തിയാണ് അന്ന് മാർപാപ്പ ക്യൂബൻ വിപ്ലവ നായകനെ സന്ദർശിച്ചത്. കാസ്‌ട്രോയുടെ കുടുംബമുൾപ്പെടെ പങ്കെടുത്ത സന്ദർശനത്തിൽ ഇരുവരും സമ്മാനങ്ങളായി പുസ്‌തകങ്ങൾ കൈമാറി.
ആഗോള താപനത്തെകുറിച്ചുള്ള ആശങ്കൾ വിവരിക്കുന്ന തന്റെ പുസ്‌തകവും ഇറ്റാലിയൻ വൈദികൻ അലസ്സാൻഡ്രോ പ്രോൻസറ്റോയുടെ പുസ്‌തകവുമാണ് പോപ്പ് ഫിദലിന് നൽകിയത്. ഒപ്പം കാസ്‌ട്രോയുടെ സ്‌കൂൾ ടീച്ചറായിരുന്നു അമാൻഡോ ലോറന്റേ എഴുതിയ പുസ്‌തകവും പോപ്പ് ഫിദലിന് കൈമാറി.
മതത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ അവതരിപ്പിക്കുന്ന പുസ്‌തകമാണ് ഫ്രാൻസിസിന് ഫിദൽ നൽകിയത്. ബ്രസീലിയൻ വൈദികൻ ഫ്രേ ബെറ്റോയുമായുള്ള അഭിമുഖങ്ങളുടെ ശേഖരമായിരുന്നു അത്.









0 comments