വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് തടവിൽ വയ്ക്കുന്നതും തടഞ്ഞു
ട്രംപിന് തിരിച്ചടി; വിദേശ വിദ്യാർഥികളുടെ വിസ സ്റ്റാറ്റസ് നിർത്തലാക്കുന്ന നടപടിക്ക് സ്റ്റേ

PHOTO CREDIT: X
സാൻ ഫ്രാൻസിസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. വിദേശ വിദ്യാർഥികളുടെ വിസ സ്റ്റാറ്റസ് നിർത്തലാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കം കാലിഫോർണിയ കോടതി തടഞ്ഞു. വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് തടവിൽ വയ്ക്കുന്നതും കോടതി സ്റ്റേ ചെ്തു. ഓക്ക്‌ലാൻഡിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെഫ്രി എസ് വൈറ്റാണ് കേസിൽ ഉത്തരവിട്ടത്.
കേസിൽ അന്തിമ തീരുമാനമാകുന്നതുവരെ വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യുന്നതിനാണ് സർക്കാരിന് വിലക്കേർപ്പെടുത്തിയത്. മറ്റ് കാരണങ്ങളാൽ വിദ്യാർഥികളെ ഇപ്പോഴും അറസ്റ്റ് ചെയ്യാം. ഒരു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന അക്രമാസക്തമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാൽ വിദ്യാർഥികളുടെ വിസ സ്റ്റാറ്റസ് ഭരണകൂടത്തിന് ഇപ്പോഴും റദ്ദാക്കാം.
കുടിയേറ്റക്കാർക്കും വിദേശ പൗരന്മാർക്കും എതിരായ ട്രംപിന്റെ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് മുതൽ 4,700-ലധികം അന്താരാഷ്ട്ര വിദ്യാർഥികളുടെ യുഎസിൽ പഠിക്കാനുള്ള അനുമതിയാണ് റദ്ദാക്കിയത്. യാതൊരു അറിയിപ്പോ വിശദീകരണമോ കൂടാതെയാണ് വിസ റദ്ദാക്കിയത്. മറ്റൊരു രാജ്യത്തേക്ക് നാടുകടത്തിയാലോ എന്ന് ഭയന്ന് നിരവധി വിദ്യാർഥികളാണ് യുഎസ് വിട്ടത്. കാലിഫോർണിയ കോടതിയുടെ ഉത്തരവ് അമേരിക്കയിലെ വിദേശ വിദ്യാർഥികൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments