ട്രംപിന് തിരിച്ചടി: അധിക തീരുവ ചുമത്തുന്നത് തടഞ്ഞ് ഫെഡറൽ കോടതി

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. അടിയന്തര അധികാര നിയമപ്രകാരം ഇറക്കുമതിക്ക് വൻതോതിലുള്ള തീരുവ ചുമത്തുന്നത് കോടതി തടഞ്ഞു. ട്രംപിന്റെ നയങ്ങൾ ആഗോള സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയും വ്യാപാര പങ്കാളികളെ നിരാശരാക്കുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. പ്രസിഡന്റിന്റെ പ്രവർത്തികളിലൂടെ പണപ്പെരുപ്പം രൂക്ഷമാവുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്യുമെന്ന ആശങ്കയും കോടതി ഉയർത്തി. ട്രംപിന്റെ അധിക തീരുവ അമേരിക്കയിലെ സാധാരണക്കാരനിൽ തുടങ്ങി വൻകിട കോർപ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ട്രംപ് തന്റെ അധികാര പരിധി ലംഘിച്ചുവെന്നും യുഎസ് വ്യാപാര നയത്തെ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചാക്കി മാറ്റി എന്നും സാമ്പത്തിക കുഴപ്പങ്ങൾ സൃഷ്ടിച്ചു എന്നുമുള്ള നിരവധി ഹർജികൾ പരിഗണിച്ച ശേഷമാണ് മൂന്നംഗ ജഡ്ജിമാരടങ്ങിയ പാനലിന്റെ വിധി വന്നത്. ട്രംപിന്റെ വ്യാപാര നയത്തിന്റെ കേന്ദ്രമായ ലെവികളെ ചോദ്യം ചെയ്ത് ഏഴോളം കേസുകൾ നിലവിൽ കോടതിയിലുണ്ട്.
ഫെഡറൽ ഗവൺമെന്റിന്റെ നിയമനിർമ്മാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് ആണ് സാധാരണയായി തീരുവകൾ അംഗീകരിക്കേണ്ടതും നടപ്പാക്കേണ്ടതും. എന്നാൽ രാജ്യത്തിന്റെ വ്യാപാര കമ്മി ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായതിനാൽ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നു പറഞ്ഞാണ് കോൺഗ്രസ് അംഗീകരിക്കുന്നതിനു മുമ്പ് തന്നെ തീരുവകൾ ട്രംപ് നടപ്പാക്കിയത്. രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും യുഎസ് കോൺഗ്രസാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
1977 ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEPPA) താരിഫുകളുടെ ഉപയോഗത്തിന് അംഗീകാരം നൽകുന്നില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. ചൈന, മെക്സിക്കോ, കാനഡ അടക്കമുള്ള രാജ്യങ്ങൾക്കു മേൽ ട്രംപ് അധിക തീരുവ ചുമത്തിയത് ആഗോള വിപണിയെ ആശങ്കയിലാക്കിയിരുന്നു.









0 comments