വിട; മാർപ്പാപ്പയ്ക്ക് ലോകത്തിന്റെ ആദരവ്

വത്തിക്കാൻ സിറ്റി: ഈസ്റ്ററിൽ ഉയിർപ്പിന്റെ പ്രതീക്ഷ നേർന്നു മറഞ്ഞ മഹാഇടയൻ ഈ ഞായറാഴ്‌ച നമുക്കൊപ്പമില്ല. കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ മാർപാപ്പ ഇനി നിർമലസ്‌നേഹത്തിന്റെ നിത്യസ്വരൂപമായി തലമുറകളിലൂടെ തുടരും. വാക്കും പ്രവൃത്തിയും ജീവിതവുംകൊണ്ട് ലോകമാതൃകയായ മനുഷ്യപുത്രന് മാതൃസ്‌നേഹത്തിന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം.
വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ശനിയാഴ്‌ച രാവിലെ (ഇന്ത്യൻസമയം പകൽ 1.30) ദിവ്യബലിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് മൃതദേഹം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് വിലാപയാത്രയായി എത്തിച്ച് കബറടക്കി. താൻ യാത്രകൾ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്‌തിരുന്ന കന്യാമറിയത്തിന്റെ സന്നിധിയിലാവണം അന്ത്യനിദ്രയെന്ന് പാപ്പ ആഗ്രഹിച്ചിരുന്നു.
കുടിയേറ്റക്കാർ, ഭവനരഹിതർ, തടവുകാർ, ട്രാൻസ്‌ജെൻഡർമാർ എന്നിവരുൾപ്പെട്ട 40 പേരുടെ സംഘം സെന്റ് മേരി മേജർ ബസിലിക്കയുടെ പടികളിൽ വെളുത്ത റോസാപ്പൂക്കൾ അർപ്പിച്ച് പാപ്പയ്ക്ക് ആദരമേകി. രാഷ്‌ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, വില്യം രാജകുമാരൻ തുടങ്ങിവരുൾപ്പെടെ 170 ലോകരാജ്യങ്ങളുടെ നേതാക്കളും വിശിഷ്ടവ്യക്തികളും ചടങ്ങുകൾക്ക് സാക്ഷിയായി. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്തു. പ്രിയപ്പെട്ട പാപ്പയ്‌ക്ക് അന്ത്യാഭിവാദ്യമേകാൻ റോമിലെ തെരുവുകളിൽ അണിനിരന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് വിലാപയാത്രയിൽ ഒത്തുചേർന്നത് നാലു ലക്ഷത്തോളം പേർ.
കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. ഹൃദയങ്ങളെ സ്‌പർശിച്ച ഫ്രാൻസിസ് പാപ്പ മതിലുകളല്ല, പാലങ്ങൾ പണിയാനാണ് ആഗ്രഹിച്ചതെന്ന് സംസ്‌കാര ശുശ്രൂഷയിൽ കർദിനാൾ വിശദീകരിച്ചു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സഹകാർമികരായി.
മൂന്നുദിനം നീണ്ട പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹപേടകം വെള്ളിയാഴ്‌ച അർധരാത്രിയാണ് അടച്ചത്. മാർപാപ്പയായിരിക്കെ ചെയ്‌ത പ്രവൃത്തികളുടെ ലഘുവിവരണവും പുറത്തിറക്കിയ നാണയങ്ങൾ നിറച്ച സഞ്ചിയും ആചാരപ്രകാരം പേടകത്തിനുള്ളിൽ വച്ചു. മാർപാപ്പയുടെ അഭിലാഷപ്രകാരം തീർത്തും ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ.









0 comments