പോളണ്ടിൽ എയർ ഷോ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

Radom air show crash
വെബ് ഡെസ്ക്

Published on Aug 29, 2025, 10:03 AM | 1 min read

വാഴ്സ : മധ്യ പോളണ്ടിലെ റാഡോമിൽ എയർ ഷോയുടെ റിഹേഴ്‌സലിനിടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. പോളിഷ് വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനമാണ് സഡ്കോവ് എയർബേസിൽ തകർന്നുവീണത്. പൈലറ്റ് മരിച്ച വിവരം പോളിഷ് ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു. ദുരന്തത്തെത്തുടർന്ന്, വാരാന്ത്യത്തിൽ നടക്കാനിരുന്ന റാഡോം എയർഷോ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.


പ്രാദേശിക സമയം പതിനൊന്നോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യൂറോപ്പിൽ നടക്കുന്ന പ്രധാന വ്യോമാഭ്യാസങ്ങളിലൊന്നാണ് റാഡോം എയർ ഷോ. പരിശീലനം കാണാനായി നിരവധി ആളുകൾ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ആകാശത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനം പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ പെട്ടെന്ന് വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി. ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു. തീപിടിത്തത്തിൽ റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചു. എഫ്-16 ടൈഗർ ഡെമോ ടീമിന്റെ ഭാഗമായിരുന്നു വിമാനം.


ആ​ഗസ്ത് 30–31 തിയതികളിലാണ് എയർഷോ നടത്താൻ നിശ്ചയിച്ചിരുന്നത്. അപകടത്തിൽ‌ മറ്റാർക്കും പരിക്കേറ്റിട്ടില്ല. വിമാനം തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ല.






deshabhimani section

Related News

View More
0 comments
Sort by

Home