വിമാനത്തിൽ പവർ ബാങ്ക് ഉപയോഗിക്കരുതെന്ന് എമിറേറ്റ്സ്

ദുബായ് : വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. തീരുമാനം ഒക്ടോബർ 1മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയന്ത്രണമനുസരിച്ച് യാത്രക്കാർക്ക് അവരുടെ ക്യാബിൻ ബാഗേജിൽ 100 വാട്ട് അവറിൽ താഴെയുള്ള ഒരു പവർ ബാങ്ക് കൊണ്ടുപോകാം. പക്ഷേ വിമാന യാത്രയിലുടനീളം പവർബാങ്ക് ഉപയോഗിക്കരുത്.
സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാനോ വിമാനത്തിലെ സീറ്റിലെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്കുകൾ റീചാർജ് ചെയ്യാനോ കഴിയില്ല. അപകടസാധ്യത കുറയ്ക്കുന്നതിനും സുരക്ഷ കണക്കിലെടുത്തുമാണ് നടപടിയെന്ന് എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി.
എല്ലാ എമിറേറ്റ്‌സ് വിമാനങ്ങളിലും സീറ്റിൽ തന്നെ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. എങ്കിലും യാത്ര തുടങ്ങുന്നതിനു മുമ്പ് ഉപഭോക്താക്കൾ അവരുടെ ഉപകരണങ്ങൾ പൂർണ്ണമായും ചാർജ് ചെയ്യണമെന്ന്- പ്രത്യേകിച്ച് ദീർഘദൂര വിമാനങ്ങളിൽ- എമിറേറ്റ്സ് വ്യക്തമാക്കി.
യാത്രക്കാരുടെ കയ്യിലുള്ള എല്ലാ പവർ ബാങ്കുകളിലും ശേഷി- റേറ്റിംഗ് വിവരങ്ങൾ ലഭ്യമായിരിക്കണം. വിമാനത്തിലെ ഓവർഹെഡ് സ്റ്റോവേജ് ബിന്നിൽ പവർ ബാങ്കുകൾ വയ്ക്കാൻ പാടില്ല. സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വയ്ക്കണം. ചെക്ക്ഡ് ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല എന്നീ നിയന്ത്രണങ്ങളും എമിറേറ്റ്സ് പുറപ്പെടുവിച്ചു. പവർ ബാങ്കുകളിലുപയോഗിക്കുന്ന ലിഥിയം ബാറ്ററി മുഖേനയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് നടപടി.









0 comments