സ്റ്റാർലിങ്കിലും പൊട്ടൽ, പതിനായിരങ്ങൾക്ക് കണക്ഷൻ നഷ്ടമായി; മസ്കിനെ ട്രോളി സൈബർ ലോകം

Star Link
വെബ് ഡെസ്ക്

Published on Sep 15, 2025, 05:29 PM | 2 min read

അരിസോണ: ഇടതടവില്ലാത്ത അതിവേഗ ഇന്റർനെറ്റ് സേവനം എന്ന ആശ്ചര്യ വാക്കുമായി പ്രചരിപ്പിക്കപ്പെട്ട ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ നെറ്റ് സംവിധാനം പണിമുടക്കി. യുഎസിൽ മാത്രം ഇന്ന് രാവിലെ 43,000-ത്തിലധികം തടസ്സ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടു.


ശതകോടീശ്വര വ്യവസായി ഇലോണ്‍മസ്‌ക് തന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലും അവതരിപ്പിക്കാൻ അനുമതി നേടിയിരിക്കെയാണ് അമേരിക്കയിലെ തടസ്സ വാർത്ത.


അവകാശ വാദങ്ങളെ കളിയാക്കിയും പ്രതിഷേധിച്ചും നെറ്റിസൺ ലോകത്ത് പരക്കെ ട്രോളുകൾ നിറയുകയാണ്. ഞായറാഴ്ചയാണ് ഡൗൺ ട്രാക്കിങ് വെബ്‌സൈറ്റുകളിൽ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി തുടങ്ങിയത്. ഉക്രെയിനിലെ യുദ്ധ രംഗത്ത് നിന്നു വരെ പരാതിയെത്തി. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതിന് പിന്നാലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നഷ്ടപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ യുഎസിലാണ് ഈ പ്രശ്‌നം കൂടുതലും നേരിട്ടത്. നേവാഡ, അരിസോണ, യൂട്ടാ തുടങ്ങിയ മേഖലയില്‍ ഡാറ്റ കിട്ടാതായി.


ഡൗൺഡിറ്റക്ടറിലെ തത്സമയ തടസ്സ ഭൂപടത്തിൽ ഫീനിക്സ്, ഡാളസ്, ഹ്യൂസ്റ്റൺ, അറ്റ്ലാന്റ, സിയാറ്റിൽ, ചിക്കാഗോ എന്നിവയുൾപ്പെടെ നിരവധി പ്രധാന യുഎസ് നഗരങ്ങളിലും നെറ്റ്‌വർക്ക് തടസ്സങ്ങൾ കാണിച്ചു.

musk

ഫൈബര്‍ ഒപ്റ്റിക് കേബിളുകളെ ആശ്രയിക്കുന്ന ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയ്ക്കാണ് ഇത്തരം തടസ്സങ്ങളുടെ പരിമിതി ഉണ്ടാവാറുണ്ടായിരുന്നത്. ഇതിന് പകരമായാണ് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി മസ്കിന്റെ സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കപ്പെട്ടത്.


സേവനം തടസപ്പെട്ടതില്‍ സ്റ്റാര്‍ലിങ്ക് ഔദ്യോഗിക വിശദീകരണം നല്‍കിയില്ല. തകരാറ് സംഭവിച്ചത് സംബന്ധിച്ച് എഞ്ചിനീയർമാർ അന്വേഷണം നടത്തുന്നുണ്ടെന്ന് സ്റ്റാർ ലിങ്ക് വെബ്സൈറ്റിൽ ഒരു അറിയിപ്പ് ഹ്രസ്വമായി പ്രദർശിപ്പിച്ചിരുന്നു. പിന്നീട് പരാതിയും ട്രോളും വർധിച്ചതോടെ കൂടുതൽ വിശദീകരണമില്ലാതെ സന്ദേശം നീക്കം ചെയ്തു.


അനുമതി നേടി ഇന്ത്യയിലും സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്. അടുത്തിടെയാണ് ടെലികോം വകുപ്പില്‍ നിന്നുള്ള യൂണിഫൈഡ് ലൈസന്‍സ് കമ്പനിക്ക് ലഭിച്ചത്. ഇന്ത്യയില്‍ സ്ഥാപിച്ച എര്‍ത്ത് സ്റ്റേഷനുകള്‍ വഴി ഇന്റര്‍നെറ്റ് ട്രാഫിക് റൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. വലിയ തുകയ്ക്കുള്ള പാക്കേജാണ് തുടക്കം പ്രഖ്യാപിച്ചിരുന്നത്. കൂട്ടായതും വലിയ അളവ് വേഗം കൂടിയ ഡാറ്റവേണ്ടവർക്കും പുതിയ അവസരം എന്നായിരുന്നു വിശേഷണം.


യുദ്ധ രംഗത്തും പ്രതിസന്ധി


യുദ്ധത്തിന്റെ മുൻനിരയിലും തടസ്സം അനുഭവപ്പെട്ടതായി ഉക്രെയ്ൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഉക്രെയ്‌നിന്റെ ഡ്രോൺ സേനയുടെ കമാൻഡറായ റോബർട്ട് ബ്രോവ്ഡി ഈ സംഭവത്തെ "സ്‌പേസ് എക്‌സിലെ ആഗോള തകരാർ" എന്ന് വിശേഷിപ്പിച്ചു.

സ്‌പേസ് എക്‌സ് നൽകുന്ന 50,000-ത്തിലധികം സ്റ്റാർലിങ്ക് ടെർമിനലുകൾ ഉക്രെയ്‌ൻ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവ യുദ്ധ മേഖലകളിലും പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങൾക്കും ഉപയോഗിക്കന്നത് കൂടാതെ ഡ്രോൺ വഴിയുള്ള ആക്രമണത്തിനും ആശ്രയിക്കുന്നു.  തടസം തുടങ്ങിയതോടെ ഡ്രോണുകളുടെ കൃത്യതയും ആശങ്കയിലായി.


അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ ശൃംഖലയെയാണ് ആശ്രയിക്കുന്നത്. തടസ്സങ്ങൾ താരതമ്യേന അപൂർവമാണെങ്കിലും, ഇപ്പോൾ സംഭവിച്ചിരിക്കുന്ന സേവന തടസ്സത്തിന്റെ വ്യാപ്തി ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് സിവിലിയൻ, സൈനിക സാഹചര്യങ്ങളിൽ കൂടുതലായി ആശ്രയിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരാൻ ഇടയാക്കിയിരിക്കയാണ്.


സ്റ്റാർ ലിങ്ക് ഇതിനകം ഏകദേശം 6,750 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. 150 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. സ്റ്റാർലിങ്കിന്റെ എതിരാളികളായി വൺവെബ് ആമസോണിന്റെ കൈപ്പർ പ്രോജക്റ്റ് എന്നിവയും രംഗത്തുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home