മസ്കിന് ടെക്സാസിൽ സ്വന്തമായി നഗരം: സ്പേസ് എക്സിന്റെ സ്റ്റാർബേസിന് ചുറ്റുമുള്ള പ്രദേശം നഗരമാക്കുന്നു

ടെക്സാസ് : ശതകോടീശ്വരൻ ഇലോൺ മസ്കിന് ഇനി സ്വന്തമായി നഗരവും. തെക്കൻ ടെക്സാസിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശത്തെയാണ് പുതിയ സ്വതന്ത്ര നഗരമാക്കി മാറ്റുന്നത്. ഇതിനായി പ്രദേശവാസികൾ ശനിയാഴ്ച വോട്ട് ചെയ്തു. 283 പേരാണ് വോട്ട് ചെയ്തത്. ഇവരിൽ ഏറെയും സ്പേസ് എക്സ് ജീവനക്കാരാണ്. സ്റ്റാർബേസ് എന്ന പേര്‌തന്നെയായിരിക്കും പുതിയ നഗരം അറിയപ്പെടുന്നത്. കാമറൂൺ കൗണ്ടി തിരഞ്ഞെടുപ്പ് വകുപ്പ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ അനുസരിച്ച് സ്റ്റാർബേസിനെ ഒരു നഗരമാക്കി മാറ്റുന്നതിന് 212 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. ആറുപേരാണ് എതിർത്തത്.
വിവരം മസ്ക് എക്സിൽ പങ്കുവച്ചിട്ടുമുണ്ട്. സ്റ്റാർബേസ് ഇപ്പോൾ ഒരു നഗരമാണ് എന്നായിരുന്നു പോസ്റ്റ്. സ്പേസ് എക്സിലെ തന്നെ ജീവനക്കാരനെ നഗരത്തിന്റെ മേയറായി തിരഞ്ഞെടുത്തതായും വിവരമുണ്ട്. നഗരത്തിൽ 500ഓളം പേരുണ്ടെന്നാണ് ബ്ലൂംബെർഗ് വ്യക്തമാക്കുന്നത്. ഇതിൽ 260 പേരും സ്പേസ് എക്സ് ജീവനക്കാരാണ്. ബാക്കിയുള്ളവർ ഇവരുടെ കുടുംബാംഗങ്ങളാണെന്നാണ് വിവരം. സ്പേസ് എക്സ് ജീവനക്കാരായ രണ്ട് പേരെ തന്നെ സിറ്റി കമീഷണർമാരായും തിരഞ്ഞെടുത്തിട്ടുണ്ട്.
മെക്സിക്കൻ അതിർത്തിക്കടുത്താണ് സ്റ്റാർബേസ് സ്ഥിതി ചെയ്യുന്നത്. മസ്കിന്റെ ഒമ്പതടി ഉയരത്തിലുള്ള പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ടൈപ്പ് സി സിറ്റി വിഭാഗത്തിലാണ് സ്റ്റാർബേസ് ഉൾപ്പെടുക.









0 comments