ട്രംപിനെക്കുറിച്ച് നടത്തിയ ചില പോസ്റ്റുകളിൽ ഖേദമുണ്ട്: മലക്കം മറിഞ്ഞ് മസ്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് താൻ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദമുണ്ടെന്ന് ടെസ്‍ല തലവൻ ഇലോൺ മസ്ക്. ട്രംപിന്റെ നികുതി ബില്ലായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ "വെറുപ്പുളവാക്കുന്ന മ്ലേച്ഛത" എന്ന് മസ്ക് വിശേഷിപ്പിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ പരസ്യമായ വാഗ്വാദം നടന്നിരുന്നു.
തങ്ങളുടെ ബന്ധം അവസാനിച്ചെന്നും മസ്‌കുമായുള്ള ബന്ധം നിലനിർത്താൻ തനിക്ക് താൽപ്പര്യമില്ലെന്നും ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പോസ്റ്റ്. "കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു" എന്നാണ് മസ്ക് എക്‌സിൽ കുറിച്ചത്.
വൻ നികുതി ഇളവുകളും കൂടുതൽ പ്രതിരോധ ചെലവുകളും ഉൾപ്പെടുന്ന ബജറ്റ് കഴിഞ്ഞ മാസം പ്രതിനിധി സഭ പാസാക്കിയിരുന്നു. ഇപ്പോൾ ബിൽ സെനറ്റർമാരുടെ പരിഗണനയിലാണ്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക മാന്ദ്യം നേരിടേണ്ടിവരുമെന്നും അതിനാൽ ബിൽ നിർത്തലാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു.
ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗീകാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗുരുതര ആരോപണവും മസ്‌ക് നടത്തിയിട്ടുണ്ട്. എന്നാൽ മസ്‌കിന് "ഭ്രാന്തുപിടിച്ചു" എന്നാണ് ട്രംപ് മറുപടി നൽകിയത്. പിന്നാലെ മസ്കുമായി ഏകദേശം 38 ബില്യൺ ഡോളർ (£28 ബില്യൺ) മൂല്യമുള്ള സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതുൾപ്പെടെ നിരവധി പോസ്റ്റുകൾ മസ്‌ക് നീക്കം ചെയ്തിട്ടുണ്ട്. 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു മസ്‌ക്. പ്രസിഡന്റിന്റെ വലംകൈയായാണ് മസ്കിനെ കണക്കാക്കിയിരുന്നത്.
അസ്വാരസ്യങ്ങൾക്ക് പിന്നാലെ വൈറ്റ്‌ഹൗസിന്റെ പടിയിറങ്ങിയിട്ടും ഇലോൺ മസ്‌കും ട്രംപുമായുള്ള ‘അടി’ തുടർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളെ സഹായിക്കാൻ ശ്രമിച്ചാൽ മസ്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന്, തനിക്കെതിരെയുള്ള ആരോപണങ്ങൾ കടുത്തപ്പോൾ ട്രംപ് മുന്നറിയിപ്പ് നൽകി. പിന്നാലെയാണ് ഖേദപ്രകടനവുമായി മസ്കിന്റെ പോസ്റ്റ്.









0 comments