ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ അതൃപ്‌തി; പിന്നാലെ ട്രംപിന്റെ ഡോജിനോട് ബൈ പറഞ്ഞ് മസ്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പിന്മാറുന്നതായി ഇലോൺ മസ്‌ക്. ബുധനാഴ്ച രാത്രി (പ്രാദേശിക സമയം) ആണ് ട്രംപ് നൽകിയ ചുമതലകൾ ഒഴിയുന്നതായി മസ്ക് എക്സിൽ കുറിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് അറിയപ്പെടുന്ന ധന വിനിയോഗ ബില്ലിലുള്ള അതൃപ്തിയാണ് മസ്കിന്റെ നീക്കത്തിന് പിന്നിലെന്നും റിപ്പോർട്ടുണ്ട്.
"ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നൽകിയ അവസരത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും, അത് ഗവൺമെന്റിലുടനീളം ഒരു ജീവിതരീതിയായി മാറും"- എന്നാണ് മസ്ക് കുറിച്ചത്.
ഫെഡറൽ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനുള്ള ഉന്നതതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ട്രംപ് ഡോജ് രൂപീകരിച്ചത്. ഡോജിന്റെ ഭാഗമായി സർക്കാർ സംവിധാനത്തിൽ വലിയ വെട്ടിച്ചുരുക്കലുകളും കടുത്ത നടപടികളും മസ്ക് സ്വീകരിച്ചിരുന്നു. പ്രത്യേക സർക്കാർ ജീവനക്കാരന് ഒരുവര്‍ഷം 130 ദിവസം മാത്രമാണ് ഔദ്യോഗികമായി പ്രവർത്തിക്കാൻ സാധിക്കുന്നത്. പ്രത്യേക സർക്കാർ ജീവനക്കാരനെന്ന നിലയിലെ മസ്കിന്റെ കാലാവധി അവസാനിക്കുന്നതിനാൽ ഡോജിന്റെ നേതൃത്വത്തിൽ നിന്ന് ഇലോൺ മസ്ക് പുറത്തേക്കെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
വൈറ്റ് ഹൗസ് മസ്‌കിന്റെ രാജി സ്ഥിരീകരിച്ചു. ട്രംപിന്റെ നികുതി, കുടിയേറ്റ ബില്ലിനെ പരസ്യമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ രാജി. ട്രംപ് ഭരണകൂടം നേരിയ ഭൂരിപക്ഷത്തിൽ കഴിഞ്ഞ ദിവസമാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയത്. അമേരിക്കയിലെ നികുതി വ്യവസ്ഥകളിലും സര്‍ക്കാരിന്റെ ക്ഷേമ പ്രവർത്തനച്ചെലവുകളിലും കാര്യമായ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന നിയമമാണിത്. എന്നാൽ ബില്ലിൽ മസ്ക് വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു.
ബില്ല് അപര്യാപ്തമാണെന്നും ഡോജിന്റെ പ്രവർത്തനങ്ങൾക്ക് തടയിടുമെന്നുമാണ് മസ്ക് പ്രതികരിച്ചത്. ഭീമമായ ചെലവുണ്ടാക്കുന്ന ബിൽ എന്നാണ് മസ്ക് ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വിശേഷിപ്പിച്ചത്. "ഒരു ബിൽ വലുതാകാം അല്ലെങ്കിൽ മനോഹരമായിരിക്കാം എന്ന് ഞാൻ കരുതുന്നു, പക്ഷേ അത് രണ്ടും ആകുമോ എന്ന് എനിക്കറിയില്ല" മസ്‌ക് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡോജ് നേതൃത്വത്തിൽ നിന്നും ഇലോൺ മസ്കിന്റെ പിന്മാറ്റം. തുടർന്ന് തന്റെ സംരംഭമായ ടെസ്‌ലയും സ്പേസ് എക്സും കേന്ദ്രീകരിച്ച് മാത്രമായിരിക്കും മസ്ക് പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ.









0 comments