Deshabhimani

അമേരിക്ക പാർടി; പുതിയ പാർടി പ്രഖ്യാപിച്ച് മസ്ക്, യുഎസ് ജനതയ്ക്ക് സ്വാതന്ത്യം നൽകുമെന്ന് വാദം

elone musk
വെബ് ഡെസ്ക്

Published on Jul 06, 2025, 09:42 AM | 1 min read

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച് ടെസ്‍ല മേധാവി ഇലോൺ മസ്ക്. അമേരിക്ക പാർടി എന്ന പുതിയ പാർടി പ്രഖ്യാപിച്ചാണ് മസ്ക് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. യുഎസ് ജനതയുടെ സ്വാതന്ത്യം തിരിച്ചു നൽകുന്നതിനായാണ് പാർടിയെന്നാണ് മസ്കിന്റെ വാദം. എക്സിലൂടെയാണ് പുതിയ പാർടി പ്രഖ്യാപനം മസ്ക് നടത്തിയത്. ട്രംപ് പ്രഖ്യാപിച്ച ബി​ഗ് ബ്യൂട്ടിഫുൾ ബിൽ കഴിഞ്ഞ ദിവസം നിയമമായിരുന്നു. ഇതിന് പിന്നാലെയാണ് മസ്ക് പാർടി പ്രഖ്യാപിച്ചത്. ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മസ്ക് മുമ്പ് പറഞ്ഞിരുന്നു.


അമേരിക്കയിൽ പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേയും മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. തുടർന്നാണ് പുതിയ പാർടി പ്രഖ്യാപിച്ചത്. രണ്ടിൽ ഒന്ന് അമേരിക്കക്കാരനും രാഷ്ട്രീയബദൽ വേണമെന്ന ആഗ്രഹിക്കുന്നുണ്ടെന്നും മാലിന്യവും അഴിമതിയും കൊണ്ട് രാജ്യം പാപ്പരാകുകയാണെന്നും ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ് ജീവിക്കുന്നതെന്നും മസ്ക് അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ ബി​ഗ് ബ്യൂട്ടിഫുൾ ബില്ലിന് പിന്നാലെയാണ് ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ പിരിഞ്ഞത്. പരസ്യമായി ഇരുവരും സോഷ്യൽമീഡിയ വഴി പഴിചാരിയിരുന്നു.


ട്രംപ് രൂപീകരിച്ച കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്‌) തലവൻ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് മസ്ക് ട്രംപിനെതിരെ രം​ഗത്തെത്തിയത്. കമ്പനിയായ ടെസ്‍ലയുടെ വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീടുണ്ടായ സംഭവങ്ങൾ ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങൾ വ്യക്തമാക്കി. ബി​ഗ് ബ്യൂട്ടിഫുൾ ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിശേഷിപ്പിച്ച മസ്ക് പിന്നീട് ഖേ​ദം പ്രകടിപ്പിച്ചിരുന്നു. അടുത്ത വർഷം നവംബറിൽ, അമേരിക്കൻ ജനതയെ വഞ്ചിച്ച എല്ലാ രാഷ്ട്രീയക്കാരെയും ഞങ്ങൾ പുറത്താക്കുമെന്നും അന്നുതന്നെ മസ്ക് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 250 മില്യൺ ഡോളറിലധികമാണ് മസ്ക് ചെലവഴിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home