“ട്രംപിന് നന്ദി” – ഇലോൺ മസ്ക് ട്രംപ് അകൽച്ചയ്ക്ക് പിന്നിൽ

ഡൊണാൽഡ് ട്രംപിന്റെ രണ്ടാം ഊഴത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കോർപറേറ്റ് മേധാവി ഇലോൺ മസ്ക് അകലുന്നു. ജനുവരിയിൽ ആരംഭിച്ച ട്രംപ് ഭരണകൂടത്തിൽ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ (DOGE) തലവനായി നിയമിക്കപ്പെട്ട മസ്ക് പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചു.
"ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴായ ചെലവുകൾ കുറയ്ക്കാനുള്ള അവസരം നൽകിയതിന് പ്രസിഡന്റിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു” എന്ന് മസ്ക് എക്സിൽ കുറിച്ചു. നികുതിയും കുടിയേറ്റ നിയമവും സംബന്ധിച്ച നിലപാടുകളിൽ ട്രംപ് ഭരണകൂടത്തെ വിമർശിച്ചതിന് തെട്ടടുത്ത ദിവസമാണ് വിടപറച്ചിൽ. ബ്രൊമാൻസ് എന്നാണ് തുടക്കത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
കലാവധി കഴിയുന്നതാണ് സ്ഥാനം ഒഴിയലിലേക്ക് നയിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. എങ്കിലും രാഷ്ട്രീയവും വ്യവസായ താത്പര്യങ്ങളുമായി ബന്ധപ്പെട്ടതുമായ തലങ്ങൾ ഇതിനുണ്ടെന്ന് വിലയിരുത്തുന്നു. വ്യക്തികൾക്ക് പ്രതിവർഷം 130 ദിവസം സർക്കാർ ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമ പ്രകാരമുള്ള പദവിയാണ് മസ്കിന് അനുവദിച്ചിരുന്നത്. ഈ വർഷം ജനുവരി 20-ന് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ മുതൽ, മെയ് അവസാനത്തോടെ എലോൺ മസ്‌കിന്റെ കാലാവധി സ്വാഭാവികമായും ഈ പരിധിയിലെത്തും.

എന്നാൽ, ചെലവ് ചുരുക്കൽ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച എലോൺ മസ്കിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ തന്നെ ടെസ്‌ല കമ്പനിയുടെ വിറ്റുവരവിനെ ബാധിച്ചതായും റിപ്പോർടുകൾ ഉണ്ടായിരുന്നു. 2021-ൽ ഏറ്റവും പ്രശസ്തമായ എട്ടാമത്തെ ബ്രാൻഡിൽ നിന്ന് ടെസ്‌ല 95-ാം സ്ഥാനത്തേക്ക് താഴ്ന്നുവെന്ന് കാണിക്കുന്ന പോൾ ഡാറ്റ പുറത്തു വന്നു.
ഫ്രാൻസിൽ ടെസ്‌ലയുടെ വിൽപ്പന ഏകദേശം 59%, സ്വീഡനിൽ 81%, നെതർലൻഡ്‌സിൽ 74%, ഡെൻമാർക്കിൽ 66%, സ്വിറ്റ്‌സർലൻഡിൽ 50%, പോർച്ചുഗലിൽ 33% എന്നിങ്ങനെ കുറഞ്ഞുവെന്ന് കോർപ്പറേറ്റ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടികാട്ടി. സ്പേസ് എക്സ് പരീക്ഷണങ്ങൾ വിജയം കാണാതെ ഒടുങ്ങുന്നതും തിരിച്ചടിയുടെ ഘട്ടത്തിലാണ്.
മസ്കിനെ ലോകത്തിലെ "മഹാനായ പ്രതിഭകളിൽ" ഒരാളായി വിശേഷിപ്പിച്ച ട്രംപ് പിന്നീട് കാളകലാകാരൻ എന്ന് ഉൾപ്പെടെ മാറിമാറി വിശേഷിപ്പിച്ചു.
Related News
ബ്രൊമാൻസിന് അന്ത്യം ?
ടെസ്‌ല സ്പേസ് എക്സ് തലവൻ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി അവതരിച്ചതോടെ അമേരിക്കയിൽ ഡോഗിന്റെ ഫലമായി 2.3 ദശലക്ഷം വരുന്ന ഫെഡറൽ സിവിലിയൻ തൊഴിലാളികളിൽ 260,000 പേരുടെ ജോലികൾ വെട്ടിക്കുറയ്ക്കുകയോ പിരിച്ചുവിടൽ കരാറുകൾ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഫെഡറൽ പേയ്‌മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള സെൻസിറ്റീവ് സർക്കാർ രേഖകളിലേക്ക് മസ്ക് നയിക്കുന്ന ഡോജിന് പ്രവേശനം നൽകിയത് വിവാദമായിരുന്നു. റിപ്പബ്ലിക്കൻ പ്രചാരണങ്ങൾക്ക് 100 മില്യൺ ഡോളറിലധികം സംഭാവന നൽകിയും പ്രചാരണ റാലികളിൽ പങ്കെടുത്തും ഭരണകൂടത്തിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനമുള്ള പങ്ക് വഹിച്ചും മസ്ക് ട്രംപിന് ഒപ്പം വാർത്തകളിൽ നിറഞ്ഞു.
യുഎസ് ഫെഡറൽ ബജറ്റിൽ നിന്ന് കുറഞ്ഞത് ഒരു ട്രില്യൺ ഡോളർ കുറയ്ക്കുമെന്ന വാഗ്ദാനത്തോടെയാണ് ജനുവരിയിൽ മസ്‌ക് ട്രംപ് ഭരണകൂടത്തിൽ ചേർന്നത്. എന്നിരുന്നാലും ഡോഗ് വെബ്‌സൈറ്റ് പ്രകാരം ഏകദേശം 175 ബില്യൺ ഡോളർ മാത്രമാണ് കുറവ് വന്നത്.









0 comments