തെരഞ്ഞെടുപ്പ് അട്ടിമറി: ബ്രസീലിയൻ മുൻ പ്രസിഡന്റ് ബോൾസനാരോയ്ക്ക് 27 വർഷം തടവ്

ബ്രസീലിയ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ വലതുപക്ഷ നേതാവും ബ്രസീലിയൻ മുൻ പ്രസിഡന്റുമായ ജെയിർ ബോൾസനാരോയ്ക്ക് 27 വർഷം തടവ്. ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജിമാരുടെ പാനലാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. 2022-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. തെരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് ബോൾസനാരോ പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിയിൽ പങ്കുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ നടന്ന ഭൂരിപക്ഷ വോട്ടെടുപ്പിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ പാനലിൽ നാല് പേർ ബോൾസനാരോ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും ബോൾസനാരോ പരാജയപ്പെട്ടുവെന്നും നിലവിലെ പ്രസിഡന്റ് ലുല ഡ സിൽവയെ വധിക്കാൻ ഇയാൾ പദ്ധതിയിട്ടെന്നും കോടതി കണ്ടെത്തി.
2033 വരെ അധികാര സ്ഥാനങ്ങൾ വഹിക്കുന്നതിലും ബോൾസനാരോയ്ക്ക് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിധിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ അപ്പീൽ നൽകുമെന്ന് ബോൾസനാരോയുടെ അഭിഭാഷകർ പറഞ്ഞു.
ബോൾസനാരോ നിലവിൽ വീട്ടുതടങ്കലിലാണ്. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെ തുടർന്നായിരുന്നു നടപടി. സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസ് കഴിഞ്ഞ മാസം അവസാനം ബോൾസനാരോയെ ഫ്ലൈറ്റ് റിസ്ക് കാറ്റഗറിയിൽ പ്രഖ്യാപിച്ചിരുന്നു.
ബോൾസനാരോയ്‌ക്കെതിരായ കേസ് യുഎസും ബ്രസീലും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ബ്രസീലിയൻ സഖ്യകക്ഷിക്കെതിരായ കേസിനെ "മന്ത്രവാദ വേട്ട" എന്ന് അപലപിച്ചു. വിവിധ ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തുകയും ചെയ്തു.









0 comments