ഏഷ്യയിൽ മൂന്നിടത്ത് ഭൂചലനം; മ്യാൻമറിൽ തുടർചലനത്തിന് സാധ്യത

ന്യൂഡൽഹി: ഏഷ്യയിൽ വീണ്ടും ഭൂചലനങ്ങൾ. തജിക്കിസ്ഥാൻ, മ്യാൻമർ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഞായറാഴ്‌ച ഭൂചലനം അനുഭവപ്പെട്ടത്. മ്യാൻമറിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതായി ഇഎംഎസ്‌സി അറിയിച്ചു. മാർച്ച് 28 ലെ വൻ ഭൂകമ്പത്തിനുശേഷം ശനിയാഴ്ച വരെ മ്യാൻമറിലും പരിസര പ്രദേശങ്ങളിലുമായി ആകെ 468 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മധ്യേഷ്യൻ രാജ്യമായ തജിക്കിസ്ഥാനിൽ ഞായറാഴ്ച 16 കിലോമീറ്റർ (10 മൈൽ) ആഴത്തിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു.
ഇന്ത്യയിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായർ രാവിലെ 9.18ഓടെയാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി പറഞ്ഞു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
തെക്കു പടിഞ്ഞാറ് പസഫിക്കിലുള്ള ദ്വീപായ ന്യൂ ഗിനിയയിലും ഞായറാഴ്ച 5.79 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിൽ ഭൂചലനം ഉണ്ടായതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.









0 comments