യുഎസിന് ഇരട്ടത്താപ്പ്: ചൈന

ബീജിങ് : ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്നുമുതൽ 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണി അമേരിക്കയുടെ ഇരട്ടത്താപ്പിന്റെ ഒന്നാംതരം ഉദാഹരണമാണെന്ന് ചൈനീസ് സർക്കാർ. വ്യാപാരയുദ്ധത്തെ ഭയപ്പെടുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഭീഷണി നടപ്പാക്കിയാൽ ചൈനക്കും "പ്രതിരോധ നടപടികൾ’ സ്വീകരിക്കാൻ കഴിയുമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
‘ചുങ്കയുദ്ധത്തെക്കുറിച്ചു ചൈനയുടെ നിലപാട് എക്കാലത്തും സ്ഥിരതയുള്ളതാണ്. ഞങ്ങളത് ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളതിനെ ഭയപ്പെടുന്നുമില്ല. അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ദേശീയസുരക്ഷയും മറ്റു രാജ്യങ്ങളുടെയും താൽപ്പര്യവും സംരക്ഷിക്കുന്നതിനുള്ള സാധാരണ നടപടികളാണ്. കയറ്റുമതി നിയന്ത്രണ നടപടികൾ അമേരിക്ക ദുരുപയോഗം ചെയ്തു. ചൈനയ്ക്കെതിരെ വിവേചനപരമായ രീതികൾ സ്വീകരിച്ചു. ഭീഷണി മുഴക്കുന്നത് ചൈനയുമായി ഇടപഴകുന്നതിനുള്ള ശരിയായ വഴിയല്ല’– മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയിൽ ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച പ്രതികാരചുങ്കത്തെ തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ മെയ് മാസം ഇരു രാജ്യങ്ങളും പരസ്പരം തീരുവ കുറയ്ക്കാൻ സമ്മതിച്ചിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ 30 ശതമാനം കൂടിയപ്പോൾ, ചൈനയിലേക്ക് പ്രവേശിക്കുന്ന യുഎസ് സാധനങ്ങൾക്ക് 10 ശതമാനം തീരുവയാണ് നിശ്‌ചയിച്ചത്.
അപൂർവ ധാതുക്കളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെയാണ് ട്രംപ് വീണ്ടും അധികതീരുവ ചുമത്തിയത്.
വ്യാപാരയുദ്ധത്തെക്കുറിച്ചുള്ള ഭയം സാമ്പത്തിക വിപണികളെ ഇളക്കിമറിച്ചു. എസ് ആൻഡ് പി 500 ഓഹരി സൂചിക 2.7 ശതമാനം ഇടിഞ്ഞു, ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.









0 comments