ചൈന യുഎസ് വ്യാപാര യുദ്ധത്തിലും വെടിനിർത്തൽ പ്രതീക്ഷ

us china tariff war
വെബ് ഡെസ്ക്

Published on May 11, 2025, 03:41 PM | 2 min read

ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലും വെടി നിർത്തൽ നിലവിൽ വരുമോ എന്ന പ്രതീക്ഷയിലാണ് ലോകം. ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ പരസ്പരം സാധനങ്ങൾക്ക് നൂറ് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തിയതിന് ശേഷമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുടെ മുഖാമുഖ ചർച്ചയാണ് പ്രതീക്ഷ ഉയർത്തുന്നത്.


 ചൈനീസ് വൈസ് പ്രീമിയർ ഹെ ലൈഫെംഗും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി ഏകദേശം എട്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തി.


"ചൈനയുമായി ഇന്ന് സ്വിറ്റ്സർലൻഡിൽ വളരെ നല്ല കൂടിക്കാഴ്ച. ചർച്ച ചെയ്ത നിരവധി കാര്യങ്ങൾ എല്ലാവരും സമ്മതിച്ചു," എന്നാണ് ഇതിന് ശേഷം ട്രംപ് തന്റെ സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ടോട്ടൽ റീ സെറ്റ് എന്ന വാക്യമാണ് വരാനിരിക്കുന്ന തീരുമാനത്തെ വിശേഷിപ്പിച്ച് ഉപയോഗിച്ചത്.


സ്വിസ് സാമ്പത്തിക മന്ത്രി ഗൈ പാർമെലിൻ വെള്ളിയാഴ്ച ജനീവയിൽ ഇരു കക്ഷികളെയും കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തു. പിന്നാലെ ശ്രമം വിജയകരമാണെന്ന് പറയുകയുമുണ്ടായി.


ആദ്യദിവസം ജനീവയിൽ നടന്ന ചർച്ചകൾ യുഎസിലെയും ചൈനയിലെയും ഉന്നത ഉദ്യോഗസ്ഥർ അവസാനിപ്പിച്ചിരുന്നു. ശനിയാഴ്ച സ്വിറ്റ്സർലൻഡിൽ തുടർ ചർച്ച നടത്തി. ഇതിൽ പുരോഗതിയുണ്ടായതായാണ് സൂചനകൾ. സ്വിറ്റ്സർലൻഡിന്റെ അംബാസഡറുടെ വസതിയിൽ പ്രാദേശിക സമയം രാത്രി 8 മണിവരെ ചർച്ച തുടർന്നു. തീരുമാനം സംബന്ധിച്ച് ഇരു രാജ്യങ്ങളും വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.


കഴിഞ്ഞ മാസമാണ് ചൈനയ്ക്ക് പുറമെ ഡസൻ കണക്കിന് മറ്റ് രാജ്യങ്ങൾക്ക് മേലും തീരുവ ചുമത്തിയുള്ള ട്രംപിന്റെ വെല്ലുവിളി പുറത്തു വന്നത്. വ്യാപാര തർക്കം ലോകത്തിലെ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തി. സാമ്പത്തിക വിപണികളെ അസ്ഥിരപ്പെടുത്തി. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു.


“വികസന താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചൈനയുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. ആഗോള സാമ്പത്തിക, വ്യാപാര ക്രമം നിലനിർത്തുന്നതിനുള്ള രാജ്യത്തിന്റെ നിലപാട് അചഞ്ചലമാണ്," എന്നാണ് ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചത്. ട്രംപിന്റെ ഏകപക്ഷീയമായ വെല്ലുവിളി ഇതോടെ ദുർബലമായി.


ജനുവരിയിൽ അധികാരമേറ്റതിനുശേഷമാണ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് മേലുള്ള തീരുവ 145% ആയി വർദ്ധിപ്പിച്ചത്. ചൈന 125% അധിക തീരുവ ചുമത്തി അതേ വേഗത്തിൽ തിരിച്ചടിച്ചു. "സാമ്രാജ്യത്വവാദികൾക്കും" ഭീഷണിപ്പെടുത്തുന്നവർക്കും മുന്നിൽ വഴങ്ങില്ലെന്ന് തീർത്ത് പറഞ്ഞു.

 




deshabhimani section

Related News

View More
0 comments
Sort by

Home