അമേരിക്കയിൽ നിർമിച്ച സിനിമകളാണ് വേണ്ടത്: വിദേശ സിനിമകൾക്ക് 100 ശതമാനം താരിഫുമായി ട്രംപ്

വാഷിങ്ടൺ : വ്യാപാരമേഖലയിൽ താരിഫ് അടക്കമുള്ള നയങ്ങളിലൂടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അമേരിക്കൻ പ്രസിഡന്റ് സിനിമ മേഖലയിലേക്കും കടന്നു കയറുന്നു. അമേരിക്കയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന വിദേശ സിനിമകൾക്കെല്ലാം 100 ശതമാനം നികുതി പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപിന്റെ പുതിയ നീക്കം. നികുതി പരിഷ്‌കരണത്തിന് വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവിനും അനുമതി നൽകിയതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്ത് നിന്ന് അകറ്റുകയാണെന്ന് ട്രംപ് ആരോപിച്ചു.
"അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണ്. നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കുകയാണ്. ഹോളിവുഡും യുഎസ്എയിലെ മറ്റ് പല മേഖലകളും തകർന്നുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്. അതുകൊണ്ട് ഒരു ദേശീയ സുരക്ഷാ ഭീഷണിയായാണ് ഇതിനെ കാണുന്നത്. വളരെ കൃത്യമായ പ്രൊപ്പഗാണ്ടയാണ് നടക്കുന്നത്- ട്രംപ് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിർമിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ചെന്നു പറഞ്ഞ ട്രംപ് സിനിമകൾ അമേരിക്കയിൽ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയിൽ നിർമിച്ച സിനിമകളാണ് നമുക്ക് ആവശ്യമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റശേഷം ജനവിരുദ്ധമായ നിരവധി നടപടികൾ സ്വീകരിച്ചതിലൂടെ ട്രംപ് വിവാദത്തിലായിരുന്നു. കാനഡയടക്കമുള്ള രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തിയ ട്രംപ് അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് ആയിരങ്ങളെ അമേരിക്കയിൽ നിന്ന് നാടുകടത്തുകയും ചെയ്തു. ട്രംപിന്റെ പുതിയ തീരുമാനം സിനിമ മേഖലയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് ചലച്ചിത്ര പ്രവർത്തകർ.









0 comments