ആഗസ്‌ത് മുതൽ കാനഡയ്ക്ക് 35 ശതമാനം തീരുവ: ട്രംപ്

വാഷിങ്‌ടൺ: വടക്കേ അമേരിക്കൻ രാജ്യങ്ങളെയും ലോകത്തെയും വ്യാപാരയുദ്ധത്തിലേക്ക് വലിച്ചിട്ടുന്ന നടപടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരുന്നു. കാനഡയിൽനിന്നുമുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ആഗസ്‌ത് ഒന്നു മുതൽ ബാധകമായിരിക്കുമെന്ന് അറിയിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് കത്തയച്ചു. കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുന്നുവെന്നായിരുന്നു രണ്ടാഴ്ച മുൻപ് ട്രംപ് പറഞ്ഞിരുന്നത്. യുഎസുമായി വ്യാപാരം നടത്താൻ കാനഡ നൽകേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് ശക്തമായ നേതൃത്വം നൽകുന്ന ബ്രസീലിന് മുന്നിൽ തീരുവ ഭീഷണിയുമായുമായും ട്രംപ് രംഗത്തെത്തി. ബ്രസീലിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ ആലോചിക്കുന്നതായി ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഏപ്രിലിൽ ബ്രസീലിനുമേൽ 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ആഗസ്‌ത് ഒന്ന് മുതൽ ഇത് 50 ശതമാനമാക്കി കുത്തനെ കൂട്ടുമെന്നാണ് പ്രഖ്യാപനം.
തന്റെ സുഹൃത്തും ബ്രസീൽ മുൻ പ്രസിഡന്റുമായ ജെയ്‌ർ ബോൾസനാരോയ്‌ക്കെതിരെ തുടരുന്ന നിയമനടപടികളിലുള്ള അതൃപ്‌തികൂടിയാണ് ട്രംപ് പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ബോൾസനാരോയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്ന വിചാരണ നടപടികൾ അന്താരാഷ്‌ട്ര സമൂഹത്തിന് നാണക്കേടാണെന്നും വിചാരണ അവസാനിപ്പിക്കണമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ബ്രസീലിന് പുറമെ അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണെയ്‌ക്കും മോൾഡോവക്കും 25 ശതമാനവും, ഫിലിപ്പീൻസിന് 20 ശതമാനവും തീരുവ യുഎസ് ചുമത്തും. ഈ രാജ്യങ്ങൾക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകളും ട്രംപ് പുറത്തുവിട്ടു.









0 comments