‘എന്തിനാണ് ഇന്ത്യയ്ക്ക് പണം നൽകുന്നത്’; 2.1 കോടി ഡോളറിന്റെ സഹായം റദ്ദാക്കിയ ഡോജ് നടപടിയിൽ ട്രംപ്

വാഷിങ്‌ടൺ: യുഎസ് നൽകിവരുന്ന 2.1 കോടി ഡോളറിന്റെ സഹായം നിർത്തലാക്കാനുള്ള ‘ഡോജ്’ന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനത്തെ ശരിവച്ച് ഡൊണാൾഡ് ട്രംപ്. ‘എന്തിനാണ് ഇന്ത്യയ്ക്ക് പണം നൽകുന്നത്’ എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ ചോദ്യം. ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായാണ് 2.1 കോടി ഡോളറിന്റെ സഹായം നൽകി വന്നത്.
ഡോജ് തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ വാങ്ങുന്ന രാജ്യമെന്ന വിമർശനവും ഉന്നയിച്ചു. ‘എന്തിനാണ് ഇന്ത്യയ്‌ക്ക് 2.1 കോടി ഡോളറിന്റെ സഹായം നൽകിവരുന്നത്? ലോകത്തിൽ ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായ ഇന്ത്യയ്‌ക്ക് അതിലൂടെ ഒരുപാട് പണം ലഭിക്കുന്നുണ്ട്. അവരുടെ താരിഫ് വളരെ കൂടുതലായതിനാൽ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ കഴിയില്ല.’–- ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും വളരെയധികം ബഹുമാനമുണ്ട് എന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ ന്യായീകരണം.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ച നടപടി എക്‌സിലൂടെയാണ് ഡോജ് പുറത്തുവിട്ടത്. ‘യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങൾക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്’ എന്ന് എഴുതിയായിരുന്നു ട്വീറ്റ്.
സർക്കാർ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നികുതിദായകരുടെ പണം ‘സംശയാസ്പദമായ’ വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനങ്ങളെന്നായിരുന്നു ഇലോൺ മസ്‌കിന്റെ വാദം. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ‘ബാഹ്യ ഇടപെടൽ’ എന്നാണ് റദ്ദാക്കിയ ധനസഹായത്തെ ബിജെപി വിശേഷിപ്പിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിക്കാനും ഫാസിസത്തെ തടുക്കാനുമാണ് അമേരിക്ക തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് അതിനാൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം യുഎസ് തെരഞ്ഞെടുപ്പ് ഫണ്ട് നിർത്തലാക്കിയതിൽ അത്ഭുതപ്പെടാനില്ല.









0 comments