ഭൂചലനത്തെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു; ബാങ്കോക്കിൽ തെരുവിൽ യുവതി കുഞ്ഞിന് ജന്മം നൽകി

ബാങ്കോക്ക്: മ്യാൻമറിനെയും തായ്ലൻഡിനെയും വിറപ്പിച്ച ശക്തമായ ഭൂചലനത്തിന് പിന്നാലെ ബാങ്കോക്കിലെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ച യുവതി തെരുവിൽ കുഞ്ഞിന് ജന്മം നൽകി. പൊലീസ് ജനറൽ ആശുപത്രിക്ക് പുറത്തുള്ള തെരുവിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
വെള്ളിയാഴ്ച ഭൂചലനം അനുഭവപ്പെട്ടപ്പോൾ ഗർഭിണി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയായിരുന്നു. ഭൂചലനത്തെ തുടർന്ന് ആശുപത്രി ഒഴിപ്പിച്ചു. ബിഎന്‍എച്ച് ആശുപത്രിയില്‍ നിന്നും കിംഗ് ചുലലോങ്കോൺ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രോഗികളെ തൊട്ടടുത്ത പാര്‍ക്കിലേക്കാണ് മാറ്റിയത്. ചില രോഗികളെ സ്ട്രെക്ചറിലും മറ്റു ചില രോഗികളെ വീല്‍ച്ചെയറിലും പുറത്തെത്തിച്ചു.
ഒപ്പം പൂർണ ഗർഭിണിയായ യുവതിയുമുണ്ടായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ നിരവധി സ്ട്രച്ചറുകളിൽ രോഗികൾ കിടക്കുന്നതായും ഒരു സ്ട്രക്ചറിൽ യുവതിയെ ഡോക്ടർമാരും നഴ്സും പരിചരിക്കുന്നതും കാണാം. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായി ആശുപത്രി വക്താവ് കേണൽ സിരികുൽ ശ്രീസംഗ പറഞ്ഞു.
ഭൂചലനം ഉണ്ടായപ്പോൾ യുവതിയുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ശസ്ത്രക്രിയാ സംഘം രോഗിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതിയും കുട്ടിയും സുഖമായിരിക്കുന്നതായും തായ് ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 1,000 കടന്നതായാണ് വിവരം. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ആയിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. അതിവേഗമാണ് രാജ്യത്തെ മരണസംഖ്യ ഉയരുന്നത്. ഇന്നലെ പ്രാദേശിക സമയം 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേത്തുടർന്ന് പതിനാലോളം തുടർചലനങ്ങളുണ്ടായി. ചിലത് 6.7 തീവ്രത വരെ രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയും മ്യാൻമറിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.









0 comments