ജിമ്മി കിമ്മൽ ഷോ പുനരാരംഭിക്കുമെന്ന് എബിസി

വാഷിങ്ടൺ: അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മലിന്റെ ഷോ പുനരാരംഭിക്കുന്നതായി എബിസി. ചൊവ്വാഴ്ച മുതൽ ഷോ വീണ്ടും പുനരാരംഭിക്കുമെന്ന് ഡിസ്നി അറിയിച്ചു. ഷോ നിർത്തിവയ്ക്കുന്നതായി അറിയിച്ച് ആറു ദിവസത്തിനു ശേഷമാണ് വീണ്ടും പുനരാരംഭിക്കുന്നത്. ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങളുടെ പേരിലാണ് ജനപ്രിയ ടോക് ഷോ അവതാരകനായ കിമ്മലിനെ സസ്‌പെൻഡ് ചെയ്തത്. ഷോ നിർത്തിവച്ചത് വിവേകശൂന്യമായ നടപടിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് വീണ്ടും പുനരാരംഭിക്കുന്നതെന്ന് ഡിസ്നി പറഞ്ഞു. കിമ്മലുമായി ചർച്ചകൾ നടത്തിയെന്നും കമ്പനി വ്യക്തമാക്കി.
ജിമ്മി കിമ്മൽ ഷോ നിർത്തിവച്ചതിനുപിന്നാലെ വ്യാപക പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്നുണ്ടായത്. ഷോ നിർത്തിയതിൽ എബിസി ഗ്രൂപ്പിനെ അഭിനന്ദിച്ച് ട്രംപ് രംഗത്തെത്തിയതോടെയാണ് പ്രതിഷേധം വ്യാപകമായത്. കഴിവും റേറ്റിങ്ങും ഇല്ലാത്ത വ്യക്തിയെ പുറത്താക്കിയത് നന്നായെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തുടർന്ന് ഡിസ്നിയുടെ പ്ലാറ്റ്ഫോമുകൾ ജനങ്ങൾ ബഹിഷ്കരിച്ചു. 2003 മുതൽ ജിമ്മി കിമ്മൽ എബിസിയിൽ "ജിമ്മി കിമ്മൽ ലൈവ്" എന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്.
തീവ്രവലതുപക്ഷ അനുയായി ആയിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ ചാനൽ പരിപാടി നിർത്തി വയ്ക്കുകയായിരുന്നു. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമീഷൻ (എഫ്‌സിസി) ചെയർമാനായ ബ്രെൻഡൻ കാറിന്റെ വിമർശനത്തിന് പിന്നാലെയായിരുന്നു എബിസി ചാനലിന്റെ തീരുമാനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായിരുന്നു കൊല്ലപ്പെട്ട ചാർളി കിർക്ക്.
കിമ്മലിന്റെ ഷോ നിർത്തിവച്ചതിന് പിന്നാലെ ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഇഎസ്പിഎൻ, ഹുലു തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ സോഷ്യൽ മീഡിയയിലുടനീളം വ്യാപകമായി പ്രചാരണം ആരംഭിച്ചിരുന്നു. ഷോ നിർത്തിവച്ചതിൽ പ്രതിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പിന്തുണ അറിയിച്ചും എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പെടെ നിരവധി ആളുകളാണ് ലോസ് ഏഞ്ചൽസിലെ ഡിസ്നി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയത്. അമേരിക്കയിലുടെനീളം പ്രതിഷേധം വ്യാപിച്ചു. തുടർന്നാണ് ഇപ്പോൾ ഡിസ്നി തീരുമാനം പിൻവലിച്ചത്.
യൂട്ടാ വാലി സർവകലാശാലയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് 31 കാരനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണം നയിച്ചതിൽ ഉൾപ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.








0 comments