ഷെയ്ഖ് ഹസീനയുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ധാക്ക കോടതി ഉത്തരവിട്ടു. ധൻമോണ്ടിയിലുള്ള ‘സുദാസധൻ’ എന്ന വസസിയും ഹസീനയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ചില വസ്തുക്കളുമാണ് കണ്ടുകെട്ടാൻ ഉത്തരവിട്ടിരിക്കുന്നത്. ഇവരെല്ലാം ഇന്ത്യയിൽ കഴിയുന്നവരാണ്. ഹസീനയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 124 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.
ധാക്ക മെട്രോപൊളിറ്റൻ കോടതി സീനിയർ സ്പെഷ്യൽ ജഡ്ജ് സക്കീർ ഹൊസൈൻ ഗാലിബാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആന്റി കറപ്ഷൻ കമീഷന്റെ അപേക്ഷയെത്തുടർന്നാണ് നടപടി. ഷെയ്ഖ് ഹസീനയുടെ ഭർത്താവ് വസീദ് മിയയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള വസതിയാണ് സുദാസധൻ. ഹസീനയുടെ മക്കളായ സജീവ് വസേദ് ജോയ്, സൈമ വസേദ് പുതൂൽ, സഹോദരി ഷെയ്ഖ് രെഹാന, രെഹാനയുടെ മക്കളായ ടുലിപ് സിദ്ദിഖി, റദ്വാൻ മുജീബ് സിദ്ദിഖി എന്നിവരുടെ പേരിലുള്ള വസ്തുവകകളും കണ്ടുകെട്ടാൻ ഉത്തരവുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ ആരോപണങ്ങൾ ഷെയ്ഖ് ഹസീന നടത്തുന്നതിനെതിരെ ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രാലയം ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ ബംഗ്ലാദേശിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ധാക്കയിലെ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ കത്തിൽ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലിരുന്നുകൊണ്ട് ഹസീന നടത്തുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ രാജ്യം മുൻകൈയെടുക്കണമെന്നും ബംഗ്ലാദേശ് അറിയിച്ചിരുന്നു.
2024 ആഗസ്ത് 5നാണ് ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെത്തുടർന്ന് ഹസീന രാജിവയ്ക്കുകയും ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തിരുന്നു. തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നു.









0 comments