സാങ്കേതിക തകരാർ: ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഹോങ്കോങ്: സാങ്കേതിക തകരാർ സംശയിച്ചതിനെത്തുടർന്ന് ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ തിരിച്ചിറക്കി. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് തിരിച്ച് ഹോങ്കോങ് എയർപോർട്ടിൽ തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ ഉണ്ടെന്ന് പൈലറ്റ് സംശയം പ്രകടിപ്പിക്കുകയായിരുന്നു. പിന്നാലെ എഐ 315 വിമാനം ഹോങ്കോങ്ങിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു, എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കിയെന്നും വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും എയർലൈൻ അധികൃതർ കൂട്ടിച്ചേർത്തു.
ഹോങ്കോങ്ങിൽ നിന്ന് പ്രാദേശിക സമയം 12.16 ന് പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.20 ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റഡാർ24 പ്രകാരം, രാവിലെ 8.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏകദേശം 3 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. എന്നാൽ സാങ്കേതിക തകരാർ സംശയിച്ചതോടെ വീണ്ടും യാത്ര വൈകുകയായിരുന്നു. യാത്രക്കാരെ ഡൽഹിയിൽ എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തതായും എയർ ഇന്ത്യ പറഞ്ഞു.
ജൂൺ 12ന് അഹമ്മദാബാദ് - ലണ്ടൻ ഗാറ്റ്വിക് എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ തകർന്നുവീണിരുന്നു. ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു. ആകെ 265 പേരാണ് വിമാനദുരന്തത്തിൽ മരണമടഞ്ഞത്. പിന്നാലെ ജൂൺ 13 ന് തായ്ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനവും ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ലുഫ്താൻസ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചുപോയിരുന്നു. ലാൻഡിങ് ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്.









0 comments