ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് അപകടം: മരണം 184 ആയി

സാൻ്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 184ആയി. സെന്റർ ഓഫ് എമർജൻസി ഓപ്പറേഷൻസ് ഡയറക്ടർ ജുവാൻ മാനുവൽ മെൻഡെസ് ആണ് കണക്കുകൾ വ്യക്തമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് പ്രാഥമികകണക്ക് മാത്രമാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അവസാനത്തെയാളെയും കണ്ടെത്തിയതിന് ശേഷമേ തിരച്ചിൽ സംഘം പിൻവാങ്ങൂ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തിരച്ചിലിൽ ആരെയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിൽ മരിച്ച 54 പേരെയാണ് ബുധനാഴ്ച തിരിച്ചറിഞ്ഞത്. ഇതിൽ 26 പേരുടെ മൃതദേഹം ബന്ധുക്കൾക്ക വിട്ടുനൽകി. 33 മൃതദേഹങ്ങൾ ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ 150ൽ അധികമാളുകൾക്കാണ് പരിക്കേറ്റത്. 20ഓളം പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരത്തിലെ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണത്. സാന്റോ ഡൊമിംഗോയിലെ ജെറ്റ് സെറ്റ് ക്ലബ്ബിന്റെ മേൽക്കൂരയാണ് തകർന്നത്.
മെറെൻഗു സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. രാഷ്ട്രീയക്കാരും കായികതാരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. അപകടത്തിൽ നിരവധി പേരെ കാണാതായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുകയാണെന്ന് സെന്റർ ഓഫ് എമർജൻസി ഓപ്പറേഷൻസ് ഡയറക്ടർ ജുവാൻ മാനുവൽ മെൻഡെസ് പറഞ്ഞു. അപകട സമയത്ത് ക്ലബ്ബിൽ 200ൽ അധികം ആളുകളുണ്ടായിരുന്നതായാണ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
മോണ്ടെക്രിസ്റ്റിയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ നെൽസി ക്രൂസും അപകടത്തിൽ മരിച്ചു. പുലർച്ചെ 12:49 ന് പ്രസിഡന്റ് ലൂയിസ് അബിനാഡറിനെ വിളിച്ച് മേൽക്കൂര തകർന്നുവെന്നും താൻ കുടുങ്ങിക്കിടക്കുകയാണെന്നും നെൽസി അറിയിച്ചതായി പ്രഥമ വനിത റാക്വൽ അബ്രജെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നെൽസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുൻ എംഎൽബി പിച്ചർ ഒക്ടാവിയോ ഡോട്ടലും (51) അപകടത്തിൽ മരിച്ചതായി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രൊഫഷണൽ ബേസ്ബോൾ ലീഗ് എക്‌സിൽ അറിയിച്ചു. ഡൊമിനിക്കൻ ബേസ്ബോൾ താരം ടോണി എൻറിക് ബ്ലാങ്കോ കാബ്രേരയും കൊല്ലപ്പെട്ടതായി ലീഗ് വക്താവ് സാറ്റോസ്‌കി ടെറെറോ പറഞ്ഞു.
തകർന്ന കെട്ടിടത്തിന് അമ്പത് വർഷത്തിലധികം പഴക്കമുണ്ടായിരുന്നതായാണ് വിവരം. സിനിമ തീയറ്ററായി പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീട് നിശാക്ലബ്ബാക്കി മാറ്റുകയായിരുന്നു. അപകടസമയത്ത് ക്ലബ്ബിൽ സംഗീത പരിപാടി നടക്കുകയായിരുന്നു. പരിപാടി അവതരിപ്പിച്ചിരുന്ന പ്രധാന ആളുകൾ ഉൾപ്പെടെ നിരവധി ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർക്കൊപ്പം പ്രദേശവാസികളും അപകടത്തിൽ കാണാതായവരുടെ ബന്ധുക്കളും തിരച്ചിൽ നടത്തുന്നുണ്ട്.









0 comments