പാകിസ്ഥാനിൽ മിന്നൽ പ്രളയം; മൂന്നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

പെഷവാർ : വടക്കൻ പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. നിരവധി പേരെ വെള്ളപ്പൊക്കത്തിൽ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
പേമാരിയെത്തുടർന്നാണ് വിവിധ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായത്. മഴ ആഗസ്ത് 21 വരെ തുടരുമെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതുവരെ 307 പേർ മഴയിലും മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞതായി പിഡിഎംഎ വക്താവ് ഫൈസി പറഞ്ഞു.മരിച്ചവരിൽ 279 പുരുഷന്മാരും 15 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നതായി പിഡിഎംഎ പ്രാഥമിക റിപ്പോർട്ടിൽ അറിയിച്ചു. 17 പുരുഷന്മാരും നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 23 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
ബജൗർ, ബുണർ, സ്വാത്, മനേഹ്ര, ഷാങ്ല, തോർഘർ, ബടാഗ്രാം എന്നീ ജില്ലകളാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്. 184 പേർ മരിച്ച ബുണറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഷാങ്‌ലയിൽ 36 മരണങ്ങളും, മൻസെഹ്‌റയിൽ 23 മരണങ്ങളും, സ്വാതിൽ 22 മരണങ്ങളും, ബജൗറിൽ 21 മരണങ്ങളും, ബട്ടാഗ്രാമിൽ 15 മരണങ്ങളും, ലോവർ ദിറിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. അബോട്ടാബാദിൽ ഒരു കുട്ടി മുങ്ങിമരിച്ചു.
74 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിൽ 63 എണ്ണം ഭാഗികമായും 11 എണ്ണം പൂർണ്ണമായും നശിച്ചതായി പിഡിഎംഎ അറിയിച്ചു. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപൂരിന്റെ നിർദ്ദേശപ്രകാരം വെള്ളപ്പൊക്ക ബാധിത ജില്ലകൾക്ക് ദുരിതാശ്വാസ ഫണ്ട് അനുവദിച്ചു. പ്രവിശ്യയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അധികൃതർ നിർദ്ദേശം നൽകി.
കനത്ത മഴ തുടർന്നതോടെ വിനോദസഞ്ചാര മേഖലകളിലേതടക്കം റോഡുകൾ വ്യാപകമായി തകർന്ന് ഗതാഗതം തടസപ്പെട്ടു. വിനോദസഞ്ചാരികൾ കാലാവസ്ഥയെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്‌തിരിക്കണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പിഡിഎംഎ അറിയിച്ചു. മൺസൂൺ ആരംഭിച്ച ജൂൺ അവസാനം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും വടക്കൻ പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്.









0 comments