തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു

ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് പ്രചാരണത്തിനിടെ വെടിയേറ്റു. 39 കാരനായ മിഗ്വൽ ഉറിബെ ടർബെയാണ് ആക്രമിക്കപ്പെട്ടത്. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മിഗ്വലിന് നേരെ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 കാരനാണ് പിടിയിലായത്.
ആക്രമണത്തിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മിഗ്വൽ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെയിൽ വെടിയൊച്ച കേൾക്കാം. മൂന്ന് തവണയാണ് അക്രമി വെടി ഉതിർത്തത്. അതിൽ രണ്ട് തവണ തലയിൽ വെടിയേറ്റതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ മിഗ്വലിനെ ഹെലികോപ്റ്ററിൽ സാന്റെ ഫെ ക്ലിനിക്കിലേക്ക് മാറ്റി. മിഗ്വൽ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് മിഗ്വലിന്റെ അനുയായികൾ പ്രദേശത്ത് തടിച്ചുകൂടി.
ആക്രമണത്തെ വ്യക്തമായും ശക്തമായും അപലപിക്കുന്നതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ഇത് മിഗ്വൽൽ എന്ന വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല, ജനാധിപത്യത്തിനും ചിന്താ സ്വാതന്ത്ര്യത്തിനും കൊളംബിയയിലെ നിയമാനുസൃതമായ രാഷ്ട്രീയ പ്രയോഗത്തിനും എതിരായ ആക്രമണമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
കൊളംബിയയിൽ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഗ്വൽ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കൊളംബിയയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. മിഗ്വലിന്റെ പിതാവ് യൂണിയൻ നേതാവും ബിസിനസുകാരനുമായിരുന്നു. മാധ്യമപ്രവർത്തകയായിരുന്ന മിഗ്വലിന്റെ അമ്മ ഡയാന ടർബെയെ 1991-ൽ പാബ്ലോ എസ്കോബാറിന്റെ മെഡെലിൻ മയക്കുമരുന്ന് കാർട്ടൽ തട്ടിക്കൊണ്ടുപോകുകയും അവിടെന്നിന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെടുകയുമായിരുന്നു.









0 comments