നേപ്പാളിൽ ആയിരത്തിന്റെ നോട്ടുകൾ കിട്ടാനില്ല, അച്ചടിക്കാൻ ചൈനീസ് കമ്പനിക്ക് കരാർ

കാഠ്മണ്ഡു: നേപ്പാളിൽ 1,000 രൂപ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാൻ ചൈനീസ് കമ്പനിക്ക് കരാർ. 430 ദശലക്ഷം നോട്ടുകളാണ് രാജ്യത്തിന് ആവശ്യമായിട്ടുള്ളത്. അച്ചടിച്ചാൽ മാത്രം പോര ഇവ രൂപകൽപ്പന ചെയ്യുകയും വേണമെന്നാണ് നിബന്ധന.
നേപ്പാൾ രാഷ്ട്ര ബാങ്ക് (NRB) ആണ് ഇതിനായി പരസ്യം ചെയ്തത്. ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ കരാർ നേടി. നോട്ടുകളുടെ രൂപകൽപ്പന അച്ചടി, വിതരണം, എന്നിവയ്ക്കായി വെള്ളിയാഴ്ച ലെറ്റർ ഓഫ് ഇന്റന്റ് കൈമാറി.
നേപ്പാൾ രാഷ്ട്ര ബാങ്ക് കറൻസി മാനേജ്‌മെന്റ് വകുപ്പിന്റെ കണക്ക് പ്രകാരം ഇതിനായുള്ള മൊത്തം പദ്ധതി ചെലവ് 16.985 ദശലക്ഷം യുഎസ് ഡോളറാണ്.
ഇത് ആദ്യമായല്ല നേപ്പാൾ കറൻസി അച്ചടിക്കാൻ പുറം കരാർ നൽകുന്നത്. നേരത്തെ 5, 10, 100, 500 എന്നിങ്ങനെ മൂല്യമുള്ള നേപ്പാൾ നോട്ടുകൾ ഇതേ ചൈനീസ് കമ്പനി അച്ചടിച്ചിട്ടുണ്ട്. ഇപ്പോൾ 1000 എന്ന മൂല്യത്തിൽ എത്തിനിൽക്കുന്നു.
കഴിഞ്ഞ ആറ് വർഷമായി നേപ്പാൾ രാഷ്ട്ര ബാങ്ക് (NRB) 1,000, 500 എന്നിങ്ങനെ മൂല്യം വരുന്ന നോട്ടുകൾ പുറത്തിറക്കിയിട്ടില്ല. ബാങ്കുകളിലെ എടിഎമ്മുകളിൽ നോട്ടുകൾക്ക് ക്ഷാമം നേരിട്ടു. പഴയ നോട്ടുകൾ കാഷ് ഡിസ്പെൻസ് ചെയ്യുമ്പോൾ കുടുങ്ങിപ്പോകുന്നതും പരാതിയായി.
നേരത്തെ നേപ്പാൾ രാഷ്ട്ര ബാങ്ക് (NRB) 1,000, 500 നോട്ടുകൾ അച്ചടിക്കുന്നതിനുള്ള കരാർ സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് നൽകിയിരുന്നു. പിന്നീട് ഇവ നിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് റദ്ദാക്കുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങൾ ആരോപിക്കുന്നു. കരാർ റദ്ദാക്കിയതിനെ തുടർന്ന് കേസായി. അച്ചടി അനിശ്ചിതത്വത്തിലായി.









0 comments