ചൈനീസ് കമ്യൂണിസ്റ്റ് പാർടി അംഗത്വം 10 കോടി

ബീജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർടി അംഗങ്ങളുടെ എണ്ണം 10 കോടി കവിഞ്ഞു. 1921ൽ സ്ഥാപിതമായ പാർടിയിൽ 2024 അവസാനത്തോടെ 10.027 കോടി അംഗങ്ങളുണ്ടെന്ന് സിപിസിയുടെ സെൻട്രൽ ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2023നെ അപേക്ഷിച്ച് ഏകദേശം 10.90 ലക്ഷം അംഗങ്ങൾ വർധിച്ചു. ജൂലൈ ഒന്നിന് പാർടി സ്ഥാപക ദിനാഘോഷങ്ങൾക്കു മുന്നോടിയായാണ് അംഗത്വവിവരം പുറത്തിറക്കിയത്.
പാർടി അംഗങ്ങളിൽ 30.9 ശതമാനം (3.10 കോടി) വനിതകളാണ്. 33 ശതമാനവും തൊഴിലാളികളും കർഷകരും. 2024 അവസാനത്തോടെ സിപിസിയിൽ 52.5 ലക്ഷം പ്രാഥമിക ഘടകങ്ങളുണ്ട്. മുൻ വർഷത്തേക്കാൾ 74,000 വർധന. 2.14 കോടി പേർ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. കർശന മാനദണ്ഡങ്ങൾ പാലിച്ചും പരിശോധന നടത്തിയുമാണ് അംഗത്വം നൽകുന്നത്. അംഗങ്ങൾ ശമ്പളത്തിന്റെ രണ്ടു ശതമാനം അംഗത്വ ഫീസായി പാർടിഫണ്ടിലേക്ക് നൽകണം.









0 comments