Deshabhimani

ഗാസ ഏറ്റെടുക്കൽ; ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ചൈനയും

trump and china

photo credit: X

വെബ് ഡെസ്ക്

Published on Feb 06, 2025, 07:52 PM | 1 min read

ബീജിങ്‌: ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റുന്നതിനും പ്രദേശം അമേരിക്ക ഏറ്റെടുക്കുന്നതിനുമുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തെ എതിർക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം. പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ ചൈന ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പത്രസമ്മേളനത്തിൽ പറഞ്ഞു.


അടിസ്ഥാനപരമായ ഒരു പോംവഴി ദ്വിരാഷ്ട്ര പരിഹാരചർച്ചയാണ്‌. പലസ്തീൻ പ്രശ്‌നത്തിന് എത്രയും വേഗം നീതിയുക്തമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന്‌ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ഗുവോ ജിയാകുൻ പറഞ്ഞു.


"ഗാസ പലസ്തീനികളുടെ ഗാസയാണ്, പലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണ്, ഒരു രാഷ്ട്രീയ വിലപേശലിനുള്ളതല്ല ഗാസ" ഗുവോ പറഞ്ഞു. 2023 അവസാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം പുനഃസ്ഥാപിക്കാൻ ചൈന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.


ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ഏതൊരു കരാറിലും പലസ്തീൻ ജനതയുടെ ഇച്ഛയെയും സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെയും മാനിക്കണം, അവരുടെ മേൽ അടിച്ചേൽപ്പിക്കരുത് എന്നാണ്‌ പലസ്‌തീൻ വിഷയത്തിൽ ചൈന എക്കാലവും സ്വീകരിച്ച നിലപാട്‌.


ഗാസയിൽ വംശീയ ഉന്മൂലനം നടത്തണമെന്നും പലസ്തീൻകാർ മറ്റൊരിടത്ത് കുടിയേറാനും യുദ്ധത്തിൽ തകർന്ന പ്രദേശം അമേരിക്ക ഏറ്റെടുക്കുമെന്നുമായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് പലസ്തീൻ ഏറ്റെടുക്കുന്നതായി ട്രംപ് പ്രഖ്യാപനം നടത്തിയത്. യുദ്ധത്തിൽ തകർന്ന ​ഗാസയെ അമേരിക്ക ഏറ്റെടുക്കാൻ തയ്യാറാണ്. ​ഗാസയിലെ ജനങ്ങളെ പുനരധിവസിപ്പിക്കും. അവശേഷിക്കുന്ന ബോംബുകളെല്ലാം നിർവീര്യമാക്കും. തൊഴിലുകളും പുതിയ ഭവനങ്ങളും നിർമിക്കും. മിഡിൽ ഈസ്റ്റിലെ കടർത്തീര സുഖവാസ കേന്ദ്രമാക്കി ​ഗാസയെ മാറ്റിയെടുക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഗാസയിലെ സുരക്ഷക്കായി ആവശ്യപ്പെട്ടാൽ അമേരിക്കൻ സൈന്യത്തെ അയക്കാനും തയ്യാറാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രശ്നം കൂടുതൽ വഷളാക്കരുത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കേണ്ടതാണ് എന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്‌ വ്യക്തമാക്കിയിരുന്നു.





deshabhimani section

Related News

0 comments
Sort by

Home