ട്രംപിന്റെ പ്രതികാരച്ചുങ്കത്തിന് വീണ്ടും തിരിച്ചടി നൽകി ചൈന; അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125% തീരുവ ചുമത്തി

ബീജിങ്: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145% തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ തിരിച്ചടിച്ച് ചൈന. അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് 125% തീരുവ ചുമത്തിയതായി ചൈന പ്രഖ്യാപിച്ചു. "ചൈനയ്ക്ക് മേൽ അസാധാരണമായി ഉയർന്ന തീരുവ ചുമത്തുന്ന യുഎസ് നടപടി അന്താരാഷ്ട്ര, സാമ്പത്തിക വ്യാപാര നിയമങ്ങളുടെയും അടിസ്ഥാന സാമ്പത്തിക നിയമങ്ങളുടെയും സാമാന്യബുദ്ധിയുടെയും ഗുരുതരമായ ലംഘനമാണ്. ചൈനയുടെ മേലുള്ള കടന്നുകയറ്റം അമേരിക്ക തുടർന്നാൽ ഞങ്ങൾ പ്രതികാര നടപടികൾ സ്വീകരിക്കുകയും അവസാനം വരെ പോരാടുകയും ചെയ്യും" ചൈനീസ് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് തീരുവ 145 ശതമാനമാണെന്ന് ഇന്നലെ വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിരുന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച 104 ശതമാനത്തിൽനിന്ന് 125 ശതമാനമായി തീരുവ ഉയർത്തിയതായി കഴിഞ്ഞദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ നിലവിൽ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാൽ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള യഥാർഥ തീരുവ 145 ശതമാനമാണെന്നും വൈറ്റ്ഹൗസ് വിശദീകരിച്ചു. ചൈന ഇതുവരെ രണ്ടുഘട്ടമായി 84 ശതമാനം നികുതിയാണ് അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്നത്. എന്നാൽ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുന്ന ട്രംപിന്റെ പ്രതികാര ചുങ്കത്തെ തുടർന്നാണ് ചൈന വീണ്ടും തീരുവ ഉയർത്തിയത്.
അമേരിക്കയുടെ ഭീഷണി നാൾക്കുനാൾ ശക്തമാകുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളുമായി ചേർന്ന് ഒറ്റക്കെട്ടായി നേരിടാനുള്ള ശ്രമത്തിലാണ് ചൈന. മലേഷ്യയിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തിയിരുന്നു. അമേരിക്ക നികുതി ചുമത്തിയത് ലോകത്തിനാകെയാണെന്നും വ്യാപാരയുദ്ധം രൂക്ഷമാകുന്നത് ഒഴിവാക്കാൻ ചൈനയ്‌ക്കൊപ്പം അമേരിക്കയും ശ്രമിക്കണം. വ്യാപാരയുദ്ധത്തിൽ വിജയികൾ ഉണ്ടാകില്ലെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു.









0 comments