വെടിനിർത്തൽ പ്രഖ്യാപനം അംഗീകരിച്ച് ഇറാനും ഇസ്രയേലും

ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് ഇസ്രായേൽ സമ്മതിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ഔദ്യോഗിക പോസ്റ്റിലും കുറിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തതായി അറിയിച്ചുകൊണ്ട് ട്രംപ് മുന്നോട്ടു വെച്ച വെടിനിർത്തിൽ അഭ്യർഥന എന്നാണ് നെതന്യാഹു കുറിച്ചത്. ഇറാനിയൻ ടെലിവിഷനിൽ ടെഹ്റാൻ സമയം പുലർച്ചെ നാല് മണിയോടെയാണ് വെടിനിർത്തൽ അംഗീകരിച്ചതായുള്ള വാർത്ത പുറത്തു വിട്ടത്. ഇതിനിടയിലും ഇരു രാജ്യങ്ങളും മിസൈൽ ബോംബാക്രമണങ്ങൾ തുടരുന്നുണ്ടായിരുന്നു.
ലോകം ആശങ്കയിലായ 12 ദിവസങ്ങൾ
യുദ്ധത്തിൽ അമേരിക്ക കൂടി നേരിട്ട് പങ്കെടുത്തതോടെ 12 ദിവസമായി തുടരുന്ന ഏറ്റുമുട്ടൽ ലോകത്തിന്റെ തന്നെ ആശങ്കയായി മാറിയിരുന്നു. വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനമാണ് പുറത്തു വന്നിട്ടുള്ളത്. ധാരണകൾ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
ഇസ്രായേൽ വ്യോമാക്രമണം അവസാനിപ്പിച്ചാൽ ഇറാൻ ആക്രമണം നിർത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞ സമയമായത്താണ് അമേരിക്കൻ പ്രസിഡന്റിന്റെയും പ്രസ്താവന വന്നത്.
ടെഹ്‌റാന്റെ ആണവ ബാലിസ്റ്റിക് മിസൈൽ ഭീഷണി നീക്കം ചെയ്യുക എന്ന ലക്ഷ്യം നേടിയ ശേഷം ഇറാനുമായുള്ള വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് ഇസ്രായേൽ സമ്മതിച്ചു എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറിച്ചത്. 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിന്റെ ലക്ഷ്യം നേടിയതായി തിങ്കളാഴ്ച രാത്രി തന്നെ സുരക്ഷാ കാബിനെറ്റിനെ നെതന്യാഹു അറിയിച്ചിരുന്നു.
തിങ്കളാഴ്ച ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇസ്രായേലും ഇറാനും പൂർണ്ണവുമായ വെടിനിർത്തലിന്" സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ഇതിനിടെ ഖത്തറിന് പുറമെ ഇറാഖിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളങ്ങളിലൊന്നാണ് ഖത്തർ.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റ് പരിഗണിക്കുന്നതായും വാർത്തകൾ പുറത്തു വന്നിരുന്നു. അറുപത് ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയമാണ് ഇറാന്റെ കൈവശം ഉള്ളതെന്നാണ് റിപ്പോർടുകൾ. ഇറാന്റെ കയ്യിൽ ആണവായുധം ഇല്ലെന്ന് യു എസ് സെനറ്റർ വ്യക്തമാക്കിയത് ട്രംപിന്റെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു.
0 comments