കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഒട്ടാവ: കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28ന് കാനഡ പോളിംഗ് ബൂത്തിലേക്കെത്തും. ഭരണകക്ഷിയായ ലിബറൽ പാർടി ഓഫ് കാനഡ, പ്രധാന പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയെ നേരിടും. അഭിപ്രായ സർവേകളിൽ ഭരണകക്ഷിക്കാണ് മുൻതൂക്കം.
ലിബറൽ പാർട്ടിക്ക് നിലവിലുള്ളതിനേക്കാൾ ശക്തമായ ജനവിധിയുള്ള ഒരു സർക്കാർ തന്റെ രാജ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി കാർണി പറഞ്ഞു. അയൽരാജ്യമായ അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണിയും കണക്കിലെടുക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും കാർണി പറഞ്ഞു.
കാർണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഹൗസ് ഓഫ് കോമൺസിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിന് പിന്നാലെ ഈ മാസം 14നാണ് മാർക്ക് കാർണി കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാപാര രംഗത്ത് കാനഡ-അമേരിക്ക തർക്കം നിലനിൽക്കുമ്പോഴായിരുന്നു മാർക്ക് കാർണി അധികാരത്തിലെത്തിയത്.









0 comments