“മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താരിഫ് യുദ്ധം” ഒരുമിച്ച് പ്രതിരോധിക്കാൻ ബ്രിക്സ്

സാവോ പോളോ: ലോക രാജ്യങ്ങൾക്കിടയിൽ പുലരുന്ന ക്രമ സമാധാനം തകർക്കാൻ ഡൊണൾഡ് ട്രംപ് ഭരണകൂടം ഉപയോഗിക്കുന്ന ഏകപക്ഷീയതയെയും ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളെയും അപലപിച്ച് ബ്രിക്‌സ് വ്യാപാര ഉച്ചകോടി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താരിഫ് ഉപയോഗിക്കുന്നത് ആഗോള സമാധാനത്തെയും വികസനത്തെയും ഗുരുതരമായി അപകടത്തിലാക്കുമെന്ന് വിലയിരുത്തി.
ഒരു യഥാർത്ഥ ജനാധിപത്യ ബഹുമുഖ ആഗോള ഭരണ സംവിധാനത്തിനായി പ്രവർത്തിക്കാനും പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ വിളിച്ചുചേർത്ത വെർച്വൽ ഉച്ചകോടി തീരുമാനിച്ചു.
നേരത്തെ, ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ പൊതു കറൻസി രൂപീകരിക്കുന്നതും ഉഭയകക്ഷി വ്യാപാരത്തിന് യു എസ് ഡോളറിന് പകരം ഇത് പ്രയോജനപ്പെടുത്തുന്നതും സമ്മേളനം ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ദക്ഷിണേഷ്യയിലെ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്ന ഗ്രൂപ്പാണ് ബ്രിക്സ്. ഇവരുടെ ഐക്യത്തിനെതിരെ പലതവണയായി ട്രംപ് ഭീഷണി ആവർത്തിച്ചു. എന്നാൽ ബ്രിക്സ് രാജ്യങ്ങൾ ഐക്യ സമ്മേളനങ്ങൾ തുടർന്നു. കഴിഞ്ഞ ദിവസമാണ് ഉച്ചകോടി വീണ്ടും ചേർന്നത്.
ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ എന്നിവർ പങ്കെടുത്തു. ഇന്ത്യ, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പ്രതിനിധീകരിച്ചു.
അംഗങ്ങൾക്കിടയിൽ പരസ്പര സഹകരണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട ഒരു സംഘടനയാണിതെന്നും ഒരു പ്രത്യേക രാജ്യത്തെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നില്ലെന്നും ബ്രിക്സ് ആവർത്തിച്ചു.

ബ്രിക്സ് യോഗം കഴിഞ്ഞ ഉടനെ വൈറ്റ് ഹൗസിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ബ്രിക്‌സിനെതിരായ ട്രംപിന്റെ ഭീഷണികൾ ആവർത്തിച്ചു. ബ്രിക്‌സിന്റെ ഭാവി അപകടത്തിലാണ് എന്ന് പറഞ്ഞു. ഈ രാജ്യങ്ങൾ "പരസ്പരം വെറുക്കുകയും കൊല്ലുകയും ചെയ്യുന്നു" എന്ന് കുറ്റപ്പെടുത്തി. അതിലെ മിക്ക അംഗങ്ങളും അവരുടെ അന്താരാഷ്ട്ര വ്യാപാരത്തിനായി യുഎസിനെ ആശ്രയിക്കുന്നുവയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബ്രിക്സ് ആഗോള ദക്ഷിണേഷ്യയുടെ മുഖം
യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രിക്സ് ആഗോള ദക്ഷിണേഷ്യയുടെ മുഖമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു. വളർന്നുവരുന്ന ലോക ആധിപത്യ ശ്രമങ്ങളുടെയും ഏകപക്ഷീയതയുടെയും പശ്ചാത്തലത്തിൽ ആഗോള ദക്ഷിണേഷ്യയുടെ മുൻനിരയായി മാറണം. ബഹുരാഷ്ട്രീയതയെയും ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെയും സംയുക്തമായി പ്രതിരോധിക്കാൻ ബ്രിക്സിന് കഴിയണം എന്നും ഷി ചൂണ്ടിക്കാട്ടി.
"വിപണി കീഴടക്കലിനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനുമുള്ള ഒരു ഉപകരണമായി താരിഫ് ബ്ലാക്ക്മെയിൽ സാധാരണവൽക്കരിക്കപ്പെടുകയാണെന്ന് എന്ന് ലുല തന്റെ പ്രസംഗത്തിൽ പറഞ്ഞു. "വിഭജിച്ച് കീഴടക്കാനുള്ള" യുഎസ് ശ്രമങ്ങൾക്കെതിരെ ഏകീകൃത ശബ്ദത്തിൽ സംസാരിക്കാൻ അംഗങ്ങളെ പ്രേരിപ്പിച്ചു.
ഉച്ചകോടിയിൽ സംസാരിച്ച ഇറാൻ പ്രസിഡന്റ്, വിവിധ രാജ്യങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങളെ സംയുക്തമായി ചെറുക്കാൻ ബ്രിക്സ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ആഗോള ഭരണത്തിൽ പരിഷ്കാരങ്ങൾക്കായി അടിയന്തരമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









0 comments