‘ട്രാൻസ്ജെൻഡറുകളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണം’: ട്രംപിനോട് അഭ്യർത്ഥിച്ച് ബിഷപ്

trump bishop
വെബ് ഡെസ്ക്

Published on Jan 22, 2025, 01:17 PM | 1 min read

വാഷിങ്ടൺ: രാജ്യത്തെ ട്രാൻസ്ജെൻഡറുകളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് ബിഷപ്. പ്രസി‍ഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർഥനാ ചടങ്ങിലാണ് ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസം​ഗത്തിന്റെ വീഡിയോ പുറത്തുവന്നു.


പ്രാർഥനാ ചടങ്ങ് അവസാനിക്കിരിക്കെയാണ് തനിക്കൊരു അഭ്യർഥനയുണ്ടെന്ന് ബിഷപ്പ് പറഞ്ഞത്. 'ദൈവത്തിൻറെ നാമത്തിൽ, രാജ്യത്ത് ഇപ്പോൾ ഭയപ്പെടുന്ന ആളുകളോട് കരുണ കാണിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ കുടുംബങ്ങളിൽ അതിൽ സ്വർഗാനുരാഗികളും കുട്ടികളും കുടിയേറ്റക്കാരുമെല്ലാമുണ്ട്'- ബിഷപ് പറഞ്ഞു. ഭാര്യ മെലിനയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഉഷ വാൻസും പ്രാർഥനയിൽ പങ്കെടുത്തുകൊണ്ട് ട്രംപിനൊപ്പം മുൻനിരയിലുണ്ടായിരുന്നു.




ട്രംപ് അധികാരമേറ്റതോടെ 7,25,000 ഇന്ത്യക്കാർ ഉൾപ്പെടെ 1.4കോടി കുടിയേറ്റക്കാർ അമേരിക്കയിൽനിന്ന്‌ പുറത്താക്കപ്പെടുമെന്ന ഭീതിയിലാണെന്നാണ് റിപ്പോർട്ട്. മതിയായ കുടിയേറ്റ രേഖകൾ ഇല്ലാത്തവരെ നാടുകടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. കഴിഞ്ഞവർഷം പ്യൂ റിസർച്ച് റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ മെക്സിക്കോ, സാൽവദോർ എന്നിവിടങ്ങളിൽനിന്നുള്ളവർ കഴിഞ്ഞാൽ മൂന്നാമതാണ് ഇന്ത്യക്കാർ. രേഖകൾ ശരിയാക്കാനുള്ള ഓട്ടത്തിലാണ് മിക്ക ഇന്ത്യൻ കുടിയേറ്റക്കാരും.


അമേരിക്കയിൽ 1.1– 1.4 കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. 2.5 കോടി പേരുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഫ്ലോറിഡ, ടെക്സസ്, ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുടിയേറ്റക്കാർ കൂടുതലുള്ളത്. സ്കൂളിലും കോളേജുകളിലും പോകുന്ന കുട്ടികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെ എത്രയും വേ​ഗം പിടികൂടി നാട്ടിലേക്ക് അയയ്ക്കുമെന്നാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യം പ്രഖ്യാപിച്ചത്. രേഖകളില്ലാത്ത വ്യക്തികളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കും സംഘടനകൾക്കും കർശന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ബൈഡന്റെ ഭരണകാലത്ത് കഴിഞ്ഞവർഷം രേഖകളില്ലെന്നപേരിൽ 1,500 ഇന്ത്യക്കാരെ യുഎസ് നാടുകടത്തി.


എച്ച്1ബി വിസ പോലുള്ള താൽക്കാലിക വിസയിൽ അമേരിക്കയിൽ എത്തയവരും ട്രംപിന്റെ തിരിച്ചുവരവിൽ പ്രതിസന്ധിനേരിടുന്നു. എച്ച്1ബി വിസയിൽ അമേരിക്കയിൽ എത്തി ജോലിചെയ്യുന്നവരിൽ ഏറെയും ഇന്ത്യക്കാരാണ്. വിസ ചട്ടങ്ങൾ കർക്കശമാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. 2023-ൽ അമേരിക്ക അനുവദിച്ച 3,86,000 എച്ച്1ബി വിസകളിൽ 72 ശതമാനവും ഇന്ത്യൻ പൗരരാണ്.




deshabhimani section

Related News

View More
0 comments
Sort by

Home